തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ദന്തൽ വിദ്യാർത്ഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ. എൽ. നിതിൻരാജിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
നിതിൻ രാജിന്റേത് കേവലം ഒരു സാധാരണ മരണമല്ല ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണ്. ജാത്യാധിക്ഷേപം അടക്കമുള്ള പീഢനങ്ങൾ നിരന്തരമായി നിതിൻ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന് ജിതിൻ്റെ സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്യണം.
ജാതി ആചരിക്കുന്നത് ഭരണഘടനാപരമായി കുറ്റമാണ്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിലും കേരളത്തിലും ആവർത്തിക്കപ്പെടുന്നത് അതിനെതിരെ കർശന നടപടികൾ ഉണ്ടാകാത്തത് കൊണ്ടാണ്. രജനി എസ് ആനന്ദിന്റെ ആത്മഹത്യ മുതൽ നിരവധി മരണങ്ങൾ കേരളത്തിൽ അരങ്ങേറുമ്പോഴും എല്ലാവരും നിശബ്ദത പാലിക്കുന്നു എന്ന് മാത്രമല്ല, ഭരണകൂടം ക്രിയാത്മകമായ നടപടികൾ എടുക്കുന്നുമില്ല.
രോഹിത് വെമൂല മുതൽ എത്രയോ പട്ടികജാതി കുട്ടികൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊല്ലപ്പെടുന്നു. ജാതിക്കെതിരായ പോരാട്ടം ശക്തമാക്കണം. ജാതി നശിക്കാത്തിടത്തോളം കാലം ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടും. കേരളത്തിൽ ഇനിയും ഒരു കുട്ടി പോലും ജാത്യാധിക്ഷേപത്തിന് വിധേയമാകാൻ ഇടവരരുത്. സർക്കാർ തലത്തിലും, മറ്റു സാമൂഹിക മേഖലകളിലും ഇതിനെതിരായുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണം എന്ന് .കേരള യുക്തിവാദിസംഘം പ്രസിഡണ്ട് ഇരിങ്ങൽ കൃഷ്ണൻ ജനറൽ സെക്രട്ടറി സന്തോഷ് മാനവം എന്നവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

