Sat. May 16th, 2026

✍️ ലിബി. സി.എസ്

ഒരു ദിവസം ജർമ്മൻകാരനായ ഒരു സായിപ്പ് മട്ടാൻഞ്ചേരിയിലെ സഹോദരൻ പത്രത്തിൻറെ ഓഫീസിൽ അയ്യപ്പൻ മാഷിനെ കാണാൻ വന്നു. അയ്യപ്പൻമാഷ് അപ്പോൾ സഹോദരൻ പത്രത്തിൻറെ ചീഫ് എഡിറ്റർ പി.കേശവദേവ്, രാമൻ വൈദ്യർ എന്നിവർക്കൊപ്പം അവിടെ സ്ഥിരം അന്തേവാസികളായി കൂടിയിരുന്ന തൻറെ സുഹൃത്തുക്കളുമായിരുന്നു ചീട്ടുകളിക്കുകയായിരുന്നു.

ഫാസിസത്തിന്റെ തീച്ചൂളയിൽ ഉരുകിക്കൊണ്ടിരിക്കുന്ന ജർമ്മനിയെപ്പറ്റി സായിപ്പ് വേവലാതിയോടെ പറഞ്ഞപ്പോൾ സഹോദരൻ പറഞ്ഞു: “നിങ്ങളിത് ഇപ്പോഴല്ലേ അനുഭവിക്കുന്നത്? ഞങ്ങളിത് ശതാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇൻഡ്യൻ സാമൂഹ്യ ഘടനയിലും ഫാസിസമുണ്ട്. അവിടെ ഫാസിസം യഹൂദരെക്കൊല്ലുന്നതു പോലെ, ഇന്ത്യയിലെ സവണ്ണ ഹിന്ദുക്കൾ അയിത്ത ജാതിക്കാരെ ശതാബ്ദങ്ങളായി ‘കൊല്ലാതെ കൊന്നു’ കൊണ്ടിരിക്കുകയാണ്.”

ഈ സംഭവം പി കേശവദേവ് തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്.
“ഒരു ദിവസം ജർമ്മൻകാരനായ ഒരു സായിപ്പ് മാസ്റ്ററെ കാണാൻ വന്നു (സഹോദരൻ പത്ര ഓഫീസ്. മട്ടാഞ്ചേരി) ചീട്ടുകളിക്കുന്ന മുറിയിൽ കൂടി ചെന്നാലെ മുകളിലേക്കുള്ള കോവിണി കയറാൻ സാധിക്കൂ. സാമൂഹ്യ വിപ്ലവകാരിയായ കെ അയ്യപ്പനെ നേരിൽക്കണ്ടു സംസാരിക്കുവാൻ അദേഹത്തിന്റെ ആഫീസിൽ കേറി വന്ന സായിപ്പ് അവിടെയൊരു തൊഴിലാളി യോഗം നടക്കുന്നതു കണ്ട് അമ്പരന്നു. സായിപ്പ് ആ സദസിനോട് ചോദിച്ചു മിസ്റ്റർ അയ്യപ്പൻ ….? .

മാസ്റ്ററുടെ പിറകിൽ, ചുമർ ചാരി നിന്നിരുന്ന ഞാൻ വേഗം സായിപ്പിനേയും കൂട്ടി കൊണ്ട് മുകളിലേക്ക് പോയി. ചീട്ടുകളിയിൽ ഏകാഗ്രനായിരുന്ന മാസ്റ്റർ അതൊന്നും അറിഞ്ഞില്ല. കുറേ നേരം കഴിഞ്ഞപ്പോൾ, രാമൻ വൈദ്യർ മാസ്റ്ററെ പറഞ്ഞയച്ചു. ഫാസിസത്തിന്റെ തീച്ചൂളയിൽ ഉരുകിക്കൊണ്ടിരിക്കുന്ന ജർമ്മനിയെപ്പറ്റി സായിപ്പ് പറഞ്ഞപ്പോൾ മാസ്റ്റർ പറഞ്ഞു: “ഇൻഡ്യൻ സാമൂഹ്യ ഘടനയിൽ ഫാസിസമുണ്ട് ; ഫാസിസം യഹൂദരെക്കൊല്ലുന്നതു പോലെ, ഇന്ത്യയിലെ സവണ്ണ ഹിന്ദുക്കൾ അയിത്ത ജാതിക്കാരെ ശതാബ്ദങ്ങളായി ‘കൊല്ലാതെ കൊന്നു’ കൊണ്ടിരിക്കുകയാണ്. സ്മൃതികൾ എന്ന് പറയുന്നത് പഴയ മീൻ കാഫുകളാണ്. മനുവിന്റെ വർണ സിദ്ധാന്തവും ഹിറ്റ്ലറുടെ ആര്യ സിദ്ധാന്തവും ഒന്നു തനെയാണ്. ഞങ്ങളുടെ മനുവിനെ വച്ച് നോക്കുമ്പോൾ നിങ്ങളുടെ ഹിറ്റ്ലർ പാവമാണ്.”
(എന്റെ മാസ്റ്റർ. പി .കേശവദേവ്)

ലോകത്തിലെ ഏറ്റവും വൃത്തികെട്ട മതം ബ്രാഹ്മണിക്കൽ മതമാണ്.
“ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ”_
‘ലിക്യൂഡേറ്റ് ഹിന്ദുയിസം.’
100 വർഷം മുൻപേ ഇത് പറയാൻ ധൈര്യപ്പെട്ട വേറൊരാളും കേരള ചരിത്രത്തിൽ ഇല്ല. ഇവിടെ പലർക്കും ഇപ്പോഴും സംശയമാണ് ഇത് ഫാസിസം ആണോ എന്ന്.

ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമനി എന്ന സ്വപ്നത്തിനും വേണ്ടി കൊടുംപാതകങ്ങളിലൂടെ ലോകത്തെ വിറപ്പിച്ച ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889 – 1945). ഓർമ്മദിനമാണ് ഇന്ന്.

ജൂതരോടും കമ്യൂണിസ്റ്റുകളോടുമുള്ള അന്ധമായ വിരോധമായിരുന്നു ഹിറ്റ്ലറുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ മുഖമുദ്ര. ഹിറ്റ്ലറുടെ കാലത്തെ കുപ്രസിദ്ധമായ ‘കോൺസൺട്രേഷൻ ക്യാമ്പു’കളിൽ ലക്ഷകണക്കിന് ജൂതരും കമ്യൂണിസ്റ്റുകളും മറ്റു രാഷ്ട്രീയ എതിരാളികളും ചിട്ടയോടെ കൊലചെയ്യപ്പെട്ടു. നാസികൾക്ക് അനഭിമതരായവരെ മുഴുവൻ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇല്ലാതാക്കി. ഈ കൂട്ടക്കുരുതികളാണ് ‘ഹോളോകോസ്റ്റ് ‘ എന്ന പേരിൽ അറിയപ്പെടുന്നത്.

1945ൽ കമ്യൂണിസ്റ്റ് ചെമ്പട സ്വന്തം വാതിൽക്കലെത്തിയതോടെ ഹിറ്റ്ലർ ഭാര്യ ഈവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തു. ഹിറ്റ്ലർ മുൻകൂട്ടി നിശ്ചയിച്ചപ്രകരം, അദ്ദേഹത്തിന്റെ വിശ്വസ്തരായ ജനറൽമാർ രണ്ടു ജഡങ്ങളും പെട്രോളൊഴിച്ചു കത്തിച്ചു.

ഹിറ്റ്ലറുടെ ആത്മകഥയാണ് ‘മെയ്ൻ കാംഫ് ‘ (എന്റെ പോരാട്ടം). 1923-ൽ ബവേറിയയിലെ ജയിലിൽ വച്ചായിരുന്നു ഇത് എഴുതിയത്. ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമ്മനി എന്ന സ്വപ്നത്തിനും കൂടി നടത്തിയ കൊടുംപാതകങ്ങളിലൂടെ ഹിറ്റ്ലർ നടത്തിയ നയപ്രഖ്യാപനമായ ഇത് ലോകത്തിലെ ഏറ്റവും അപകടംപിടിപ്പിച്ച ആത്മകഥയായി കരുതുന്നു.
ഏപ്രിൽ 30: അഡോൾഫ് ഹിറ്റ്ലർ ഓർമ ദിനം

Leave a Reply

Your email address will not be published. Required fields are marked *