ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണോ എന്നത് അതാത് പള്ളി കമ്മിറ്റികൾ തീരുമാനിക്കേണ്ട കാര്യമാണെന്നും ബോർഡ് വ്യക്തമാക്കി.
പള്ളികളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കുന്നത് ഭരണഘടനയുടെ 26-ാം അനുച്ഛേദം പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യമായിരിക്കുമെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് നൽകിയ അഫിഡവിറ്റിലാണ് ബോർഡ് ഈ നിലപാട് വ്യക്തമാക്കിയത്.

