Wed. Jun 10th, 2026

ന്യൂഡൽഹി: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസിന്റെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കോൺഗ്രസ് അടിയന്തരമായി രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ്. കോൺഗ്രസ് സ്വീകരിക്കുന്ന പല നിലപാടുകളും ഇന്ത്യ സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ രീതിയിൽ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഡിഎംകെ, നിതീഷ് കുമാർ, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രമുഖ കക്ഷികളൊക്കെ മുന്നണി വിട്ടുപോകാൻ കാരണം കോൺഗ്രസിന്റെ സങ്കുചിതമായ രാഷ്ട്രീയ ശൈലിയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് കൂടുതൽ വിശാലതയോടെയും യുക്തിഭദ്രമായും മുന്നണിയെ നയിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ പ്രാദേശികമായി ഉയർന്നുവരുന്ന രാഷ്ട്രീയ വിമർശനങ്ങളിൽ തങ്ങൾക്ക് യാതൊരു പരാതിയുമില്ലെന്നും, എന്നാൽ ഇന്ത്യ മുന്നണിയുടെ തലപ്പത്തിരിക്കുന്ന നേതാക്കൾ അത്തരം നിലപാടുകൾ പൊതുവേദിയിൽ ആവർത്തിക്കരുതെന്നും ജോൺ ബ്രിട്ടാസ് ഓർമ്മിപ്പിച്ചു. മുൻപ് യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം പിന്തുണ നൽകിയത് പോലും ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി മാത്രമായിരുന്നു. അന്ന് ഭരണത്തിൽ പങ്കോ മറ്റ് ആനുകൂല്യങ്ങളോ ആവശ്യപ്പെടാത്ത പാർട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിയുടെ ഐക്യം തകർക്കുന്ന തരത്തിലുള്ള കോൺഗ്രസിന്റെ വ്യാജ പ്രചാരണങ്ങൾ വരാനിരിക്കുന്ന ഇൻഡ്യാ മുന്നണി യോഗത്തിൽ സിപിഐഎം ഔദ്യോഗികമായി തന്നെ ഉന്നയിക്കുമെന്ന ശക്തമായ സൂചനയാണ് എംപിയുടെ വാക്കുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *