Sat. Jun 13th, 2026

തിരുവനന്തപുരം: തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ കർമസേനയായ ‘ഹൈഡ്ര’യ്ക്ക് പ്രചോദനം അഡോൾഫ് ഹിറ്റ്‌ലറാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ വാക്കുകൾ അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ ആകെ അപഹസിക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ബുൾഡോസർ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച സംവിധാനത്തിന്, ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പേരിട്ടതെന്ന് ഒരു കോൺഗ്രസ് മുഖ്യമന്ത്രി പരസ്യമായി വിളിച്ചുപറയുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന ‘ദി ഹിന്ദു ഹസിൽ’ പരിപാടിയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശം. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കേവലമൊരു നാക്കുപിഴയായി കാണാൻ കഴിയില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ‘ഹൈഡ്ര’ എന്നും, അവരെപ്പോലെ ആരെയും കൊല ചെയ്യാൻ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനമെന്നുമാണ് ഒരു മുഖ്യമന്ത്രി വേദിയിൽ അഭിമാനപൂർവ്വം പറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരാൾ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരിക്കുന്നു. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവമാണ് രേവന്ത് റെഡ്ഡിയിലൂടെ പുറത്തുവന്നത്. രേവന്ത് റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാർ പശ്ചാത്തലമാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവർത്തിക്കുന്നത് ഇത്തരം നിലപാടുകൾ കോൺഗ്രസ് ഉൾക്കൊള്ളുന്നത് കൊണ്ടാണ്.

പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും തടാകങ്ങളും പൊതുസ്വത്തുക്കളും കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി 2024 ജൂലൈയിലാണ് തെലങ്കാന സർക്കാർ ഹൈഡ്ര (Hydra – Hyderabad Response and Asset Protection Agency) രൂപീകരിച്ചത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ എ. രംഗനാഥ് ആണ് ഇതിന്റെ കമ്മീഷണർ. ബെംഗളൂരുവിലെ ചടങ്ങിൽ സംസാരിക്കവെ, ഈ പേര് സ്വീകരിക്കാൻ പ്രചോദനമായത് ഹിറ്റ്‌ലറാണെന്നും ഹിറ്റ്‌ലറുടെ പ്രധാന സംഘത്തിന്റെ പേര് അതായിരുന്നു എന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി രംഗത്തെത്തിയിരുന്നു. രേവന്ത് റെഡ്ഡി ജനങ്ങളോട് മാപ്പ് പറയണമെന്നും കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *