Thu. Jun 11th, 2026

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന് ജാമ്യമില്ല. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, പുറത്തിറങ്ങിയാൽ സ്വാധീനമുപയോഗിച്ച് തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ മാർച്ച് 27-നാണ് ദളിത് യുവതി പ്രശോഭ് സി. വത്സനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചത്. നല്ലൊരു ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. നിയമനടപടികളിലേക്ക് പോകാതിരിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിവാദം കനത്ത പശ്ചാത്തലത്തിൽ പാലക്കാട് ഡി.സി.സി നേതൃത്വം അടിയന്തരമായി ഇടപെടുകയും പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *