കോട്ടയം: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു.
വ്യത്യസ്ത മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും സർവകലാശാല ബിരുദങ്ങൾ സമ്മാനിച്ചു. ഇതിൽ മമ്മൂട്ടി, തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്) ബിരുദവും, ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സി.) ബിരുദവുമാണ് നൽകിയത്.

