Sat. May 16th, 2026

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തര വകുപ്പും വിജയ് തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ എല്ലാം കടമകളും നിറവേറ്റുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം വിജയ് പറഞ്ഞു. വിവിധ വകുപ്പുകളുടെ മന്ത്രിമാരായി സെങ്കോട്ടയന്‍, എന്‍ ആനന്ദ്, ആധവ് അര്‍ജുന, പി വെങ്കിട്ടരമണന്‍, എസ് കീര്‍ത്തന, രാജ്‌മോഹന്‍, മുസ്തഫ, അരുണ്‍രാജ്, സി ടി ആര്‍ നിര്‍മല്‍ കുമാര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ്സ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിജയ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. 120 എം എല്‍ എമാരുടെ പിന്തുണ ഉറപ്പായതിന് പിന്നാലെ ഗവര്‍ണര്‍ കൂടിക്കാഴ്ചക്കായി വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.

വിടുതലൈ ചിരുതൈഗള്‍ കച്ചി (വി സി കെ) ടി വി കെക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് കൈമാറിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയത്. വി സി കെയുടെ പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപവത്കരിക്കാനുളള 118 എന്ന കേവല ഭൂരിപക്ഷം ടി വി കെക്ക് ലഭിച്ചു. ഇതിന് പിന്നാലെ ടി വി കെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ച് മുസ്ലിം ലീഗും രംഗത്തെത്തി. ഇതോടെ വിജയ്ക്ക് 120 എം എല്‍ എമാരുടെ പിന്തുണയായി. നേരത്തെ, കോണ്‍ഗ്രസ്സിന്റെ അഞ്ചും സി പി ഐ, സി പി എം പാര്‍ട്ടികളുടെ രണ്ട് വീതവും എം എല്‍ എമാര്‍ ടി വി കെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *