സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ വെച്ച് സുപ്രധാന കൂടിക്കാഴ്ച നടത്തി. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇറാന് റഷ്യയുടെ എല്ലാവിധ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും എത്രയും വേഗം ഈ സാഹചര്യങ്ങളെ ഇറാൻ അതിജീവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
ഇറാൻ പരമോന്നത നേതാവ് അയച്ച സന്ദേശത്തിന് പുടിൻ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമായി മുന്നോട്ട് കൊണ്ടുപോകാനാണ് റഷ്യ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിൽ റഷ്യയും ഇറാനും എപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇടക്കാലത്ത് ബന്ധത്തിലുണ്ടായ ചെറിയ വിടവുകൾ നയതന്ത്രപരമായ ഇടപെടലുകളിലൂടെ ഇപ്പോൾ പരിഹരിക്കപ്പെട്ടതായും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ഒമാൻ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അരാഗ്ചി റഷ്യയിലെത്തിയത്. മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല സന്ദർശനം. കൂടിക്കാഴ്ചയുടെ തുടർച്ചയായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായും അദ്ദേഹം ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയതന്ത്രപരമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

