✍️ ലിബി. സിഎസ്
‘വെടി’ ഞങ്ങളുടെ ആചാരമാണ് – വടക്കും നാഥന് വലിയവെടി മൂന്ന് ചെറിയ വെടി രണ്ട്…
എവിടെങ്കിലും കുറെ ഭ്രാന്തന്മാർ വെടിമരുന്ന് അപകടത്തിലോ ആന ചവിട്ടിയോ ചത്താൽ കുറേപ്പേർ ഉടനെ “കരിയും വേണ്ട, കരിമരുന്നും വേണ്ട” എന്ന് നൂറ് വർഷം മുൻപ് നാരയണ ഗുരു പറഞ്ഞ വാചകങ്ങളുമായി സോഷ്യൽ മീഡിയ നിറയും. ഒരാഴ്ച കഴിയുമ്പോൾ അതവസാനിക്കും.
അല്ലെങ്കിൽ തന്നെ ഇത് കേട്ടാൽ തോന്നും ബാക്കി കാര്യങ്ങളൊക്കെ നാരയണ ഗുരു പറഞ്ഞതുപോലെയാണ് കേരളത്തിൽ നടക്കുന്നതെന്ന്!ശ്രീനാരയണഗുരുവിൻറെ പേരിലുള്ള ക്ഷേത്രങ്ങളിൽ പോലും ഇതൊന്നും അനുസരിക്കാറില്ല, പിന്നല്ലേ തൃശൂരിലെ ചൂദ്രന്മാരുടെ പൂരത്തിൻറെ കാര്യം?
വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള 2023 ലെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയത് നവോത്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും ആയിരുന്നു, അന്ന് മന്ത്രി രാധാകൃഷ്ണന് ആയിരുന്നു.
കേരളാ ഹൈക്കോടതിയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചുകൊണ്ട് 2023 ൽ ഉത്തരവിട്ടത്. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നായിരുന്ന കോടതി നിര്‍ദേശം. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായായിരുന്നു ഉത്തരവ്. അപ്പീൽ പോയി വെടിവെക്കാനുള്ള അവകാശം നേടിയെടുത്തവർ ഇനി വെടി വേണ്ടെന്ന് പറയരുതേ…! ക്ഷേത്രങ്ങളും ട്രസ്റ്റികളും നടത്തുന്ന സ്ഥാപനങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന് ആ വിധിയിലും കോടതി പറഞ്ഞിട്ടുണ്ട്.
എന്നാൽ ഈ പീതാമ്പരനാശാൻമാരും സുനിൽകുമാർജി അവർകൾമാരും രാധാകൃഷ്ണൻജിമാരും വാസവൻജി മാരും സുരേഷ് ഗോപിജി മാരുമെല്ലാം മൂന്ന് മുന്നണികളിലും ഉള്ളിടത്തോളം വെടി തന്നെ മരുന്നാകും എന്ന് സാരം. പുറ്റിങ്ങലെ വെടിക്കെട്ട് ദുരന്തം ഓർമ്മയില്ലേ?
ലാൽ ജോസ് സംവിധാനം ചെയ്ത പഴയ സൂപ്പർഹിറ്റ് ചിത്രമായ മീശമാധവനിലെ പിള്ളേച്ചൻ നടത്തുന്ന വെടിവഴിപാട് ഓർക്കുന്നുണ്ടോ? ഭഗീരഥൻ പിള്ള….. വലിയവെടി മൂന്ന് ചെറിയ വെടി രണ്ട്…..
സംഗതി ഒതുക്കത്തിൽ ചെയ്യാനാണ് പിള്ളേച്ചൻ എത്തിയത്. എന്നാൽ വെടി വഴിപാടാകുമ്പോൾ വിളിച്ച് പറച്ചിലാണ് രീതി. അല്ലെങ്കിൽ ഫലം കുറയും എന്നായി ദേവസ്വം ജീവനക്കാരൻ. ആ പറയുന്നതും മൈക്കിലൂടെ ജനം കേട്ടു. ചുരുക്കത്തിൽ രഹസ്യവെടി നടത്താൻ വന്ന വഴിപാടുകാരനെ നാലാളറിഞ്ഞു. ഉത്തര കൊറിയയിലെ യാങിന്റെ മിസൈൽ പരീക്ഷണത്തെ തോൽപ്പിക്കും മട്ടിൽ വെടിക്കെട്ട് നടത്തും മുമ്പ് ഭരണ സമിതിയുടെ അറിയിപ്പും മൈക്കിലൂടെ വന്നു.
എല്ലാവരും ഓടിക്കൊള്ളുക മത്സരക്കമ്പം തുടങ്ങുകയാണ്. അതിന് മുമ്പ് നന്ദിപറയാനുള്ളത് മുൻ എം.പി പീതാംബരക്കുറുപ്പിനോടാണ്. വെടിക്കെട്ടിനുള്ള അനുമതി വാങ്ങിത്തന്നത് അദ്ദേഹമാണ്. അങ്ങനെ കൊല്ലത്തെ കുപ്രസിദ്ധനായ കുസൃതിക്കുറുപ്പിന് പ്രണാമം അർപ്പിച്ചുകൊണ്ട് തുടങ്ങിയ പുറ്റിങ്ങൽ ക്ഷേത്രത്തിലെ മത്സരക്കമ്പമാണ് ദുരന്തത്തിൽ കലാശിച്ചത്. വെടിവഴിപാട് ഒതുക്കത്തിൽ ഒപ്പിച്ചുകൊടുത്ത് തെരഞ്ഞെടുപ്പ് ഫലം കുറയാതിരിക്കാൻ മൈക്കിലൂടെ വിളിച്ചുപറയിച്ചതിലൂടെയാണ് കുറുപ്പിന്റെ കരിവിളയാട്ടം നാലാളറിഞ്ഞത്. ഒരു കളക്ടറുടെ ഉത്തരവിന് നായ്ക്കാഷ്ടത്തിന്റെ വിലപോലും ഇല്ലെന്ന് അന്നേ പീതാംബരക്കുറുപ്പും ശിങ്കിടികളും കൂടി തെളിയിച്ചിരുന്നു. കളക്ടർ പെണ്ണായിരുന്നതുകൊണ്ട് പേടിക്കാനുമില്ല. ഇനി കളക്ടറദ്ദേഹം ആണായിരുന്നെങ്കിലും ഇതിനപ്പുറമൊന്നും സംഭവിക്കില്ല.
മേള പ്രമാണിമാരെപ്പോലെ കരിമരുന്ന് കലയിലും ആശാൻമാരുണ്ട്. വർക്കല കൃഷ്ണൻകുട്ടി ആശാനും കഴക്കൂട്ടം സുരേന്ദ്രൻ ആശാനും കൂടിയായിരുന്നു അന്ന് മത്സരക്കമ്പത്തിന് മാറ്റ് കൂട്ടിയത്. പുറ്റിങ്ങലമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് മുഴുവൻ ഭക്തിശിരോമണികൾക്കാണ്. തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ഇടത്തും വലത്തും നടുക്കുമുള്ള നേതാക്കന്മാർ ഒത്തുകളിച്ചാണ് കളക്ടർ വിലക്കിയ വെടിക്കെട്ടിനെ മിസൈൽ ആക്രമണം പോലെയാക്കിമാറ്റിയത്. മതം വെച്ച് കളിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നതിന് ഇതിലും വലുതായി ഒരു തെളിവ് വേണോ?
ദുരന്തഭൂമിയിൽ നമ്മൾ കണ്ട രാഷ്ട്രീയ നാടകങ്ങൾ ആർക്കായിരുന്നു പ്രയോജനം ചെയ്തതെന്ന് അന്ന് കണ്ടല്ലോ? സ്ഥാനാർത്ഥിപ്പട്ടികയിൽ പട്ടി എല്ലുകടിക്കുമ്പോലെ ഞാന്നുകിടന്ന് ഹൈക്കമാൻഡിന് വണ്ടികയറിയപ്പോൾ പോലും പരസ്പരം കോക്രികാണിച്ചിരുന്നവരായിരുന്നു ചെന്നിത്തലയും സുധീരനും. എന്നാൽ ദുരന്തഭൂമിയിൽ വന്ന് ചെന്നിത്തലയുടെ തോളിലേക്ക് കൈകുത്തി ചരിഞ്ഞ് സുധീരൻ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപത്തെപ്പോലും തോൽപ്പിച്ചുകളഞ്ഞില്ലേ?
കടമ്മനിട്ടയുടെ ചാക്കാലയിലെ മുഹൂർത്തങ്ങളാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയക്കാർ പയറ്റുന്നത്. കോടിയിടേണം പൊങ്കാല വേണം…. കാണിക്കാൻ കണ്ണീരിറ്റു വേണം… ഒക്കുമെങ്കിൽ വായ്ക്കരിയുമിട്ട് ബലിക്കാക്കയേയും വിളിച്ചുകൂട്ടിയേ അവർ പോകൂ. സർക്കാർ സംവിധാനത്തെ ഏകോപിപ്പിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമെല്ലാം നേതാക്കളുടെ ഇടപെടലുകൾ അനിവാര്യം തന്നെ. പക്ഷേ, സർക്കാർ സംവിധാനങ്ങളെയാകെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നവർ തല്ലിക്കൊന്ന് പതിനാറുണ്ണുന്നവരാണ്. അന്ന് കളക്ടറുടെ ഉത്തരവിന് കടലാസിന്റെ വിലപോലും കൽപ്പിക്കാൻ ക്ഷേത്രം ഭരണ സമിതിക്കാർ തയ്യാറായില്ലെങ്കിൽ അതിനർത്ഥം ആഭ്യന്തര വകുപ്പിന്റെ കിടപ്പ് മറ്റേതോ തിണ്ണയിലാണെന്നല്ലേ?
അന്ന് ദുരന്തസ്ഥലത്തേക്കുള്ള സ്ഥാനാർത്ഥി മുകേഷിന്റെ എടുത്ത് വരവും ജകീയമായിരുന്നു. ആശുപത്രിയിൽ ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്നവന്റെ മാനസീകാവസ്ഥ സന്ദർശകരുണ്ടോ അറിയുന്നു. പൊള്ളലിൽ തൊട്ടുനോക്കുന്ന രാഹുലിനേയും നമ്മൾ കണ്ടു.
കൂറ്റൻ കാളയുടെ കൊമ്പിലോ പൂഞ്ഞിയിലോ ഞാന്ന് രക്തസാക്ഷിയാകാൻ വരുന്നവന്റെ വിശ്വാസവും കൂറും നൂറ് ശതമാനം ആത്മാർത്ഥമാണ്. എന്നിട്ടും ജെല്ലിക്കെട്ട് നിരോധിച്ചു. അതിന്റെ പേരിൽ തമിഴ്നാട്ടിൽ രണ്ടുപേർ ആത്മഹത്യയും ചെയ്തു. ബാറുകൾ പൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട മൂന്ന് പേരും ഒരു മുതലാളിയും ആത്മഹത്യ ചെയ്തു. എന്നാൽ വെടിക്കെട്ട് നിരോധിച്ചാൽ അതിൽ മനംനൊന്തോ പ്രതിഷേധിച്ചോ ചത്തുകളയാം എന്നുകരുതുന്ന ഒരൊറ്റ വെടിക്കെട്ട് പ്രേമിയും കേരളത്തിൽ ഉണ്ടാകില്ല.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ കാര്യത്തിലും അതുതന്നെ ആയിരുന്നു. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞവരൊക്കെ ഇവിടിപ്പോഴും നാണംകെട്ടും ജീവിച്ചുപോകുന്നില്ലേ?
അതുപോലെ വെടിയാശാന്മാർ വല്ല തട്ടുകടയും നടത്തി സമാധാനത്തോടെ ജീവിച്ചുകൊള്ളും. തമാശക്കായി ചൈനക്കാർ ഉണ്ടാക്കിയ വെടിമരുന്ന് മറ്റുള്ളവരുടെ നെഞ്ചുപിളർക്കാൻ എങ്ങനെ ഉപയോഗിക്കാമെന്ന് ചീനക്കാരനല്ലാത്ത ആയോധന പടുക്കൾ കണ്ടെത്തി, വെടിമരുന്ന് കണ്ടുപിടിച്ച ചീനക്കാർ ഇപ്പോഴും ചീനപ്പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവർ അതുകൊണ്ട് അരേയയും കൊല്ലുന്നില്ല.
എന്നാൽ ചീനപ്പടക്കത്തിലെ വെടി മരുന്നുകൊണ്ട് ആൾക്കാരെ കൊല്ലാമെന്ന് ചൈനക്കാരല്ലാത്ത നമ്മുടെ ആശാന്മാർക്കും ഉത്സവ നടത്തിപ്പുകാർക്കും അറിയാം. ദൈവങ്ങളും നമ്മളും ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് നാലാളെ അറിയിക്കാൻ വെടി വഴിപാടില്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തിടത്തോളം കാലം കമ്പപ്പുരകൾ കത്തിക്കൊണ്ടിരിക്കും.
വന്യമൃഗത്തെപോലും അന്ധവിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിച്ച് രസിക്കുന്ന സാഡിസ്റ്റുകളായ ഒരുപറ്റം അഭിനവ ആനപ്രേമികളുടെയും നയനാനന്ദത്തിനും, ആത്മരതിക്കും വേണ്ടി നിയമങ്ങളും, ചട്ടങ്ങളും, സുപ്രീംകോടതി, ഹൈക്കോടതി വിധികളും വരെ കാറ്റിൽ പറത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കേരളത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിൽ വെളിവും ബോധവും ഉള്ള ഒരു മനുഷ്യൻ പറഞ്ഞ ” കരിയും വേണ്ട കരി മരുന്നും വേണ്ട” എന്ന വാചകവും എഴുന്നൊള്ളിച്ചു നടക്കുന്നത്.
മുൻപ് “തെച്ചികോട്ടുക്കാവ് രാമചന്ദ്രൻ” എന്ന ആനയുമായി ബന്ധപ്പെടുത്തി സംഘപരിവാർ ഉയർത്തിയ ആചാര സംരക്ഷണ വിവാദങ്ങളുടെയും ഒറ്റരാത്രികൊണ്ട് തെച്ചിക്കോട്ടു രാമചന്ദ്രനെ അരോഗ ദൃഢഗാത്രനാക്കി തീർത്ത സർക്കാരിന്റെയും ലക്ഷ്യം ഒന്നുതന്നെയാണെന്ന് കോവിഡ് കാലത്തിന് മുൻവർഷങ്ങളിലെ പൂരത്തിൽ നാം കണ്ടതാണ്. മതപരമായതും അല്ലാത്തതുമായ ആഘോഷങ്ങൾ വർഗീയ വൽക്കരിച്ചും മതം കുത്തി കയറ്റിയും, ഇനി മത ആഘോഷങ്ങൾ ആണെങ്കിൽ ഇതര മത വർഗിയ കക്ഷികൾ അതിനെ വർഗിയമായി ഉപയോഗിച്ചും മാറുന്ന മലയാളിയെ പിന്നോട്ട് നടത്താനും, വിഘടിപ്പിച്ചു നിർത്താനും ശ്രമിക്കുന്നു.
ആഘോഷങ്ങൾക്ക് മേൽ മതം കുത്തി വെച്ചും വിവാദങ്ങൾ ഉണ്ടാക്കിയും തങ്ങളുടെ അനുകൂലികൾ അല്ലാത്തവരെ കൊണ്ടുപോലും ഹിന്ദുത്വ വർഗ്ഗീയ പ്രചാരണം നടത്തിക്കുകയും അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന അജണ്ടയാണിതെങ്കിലും പൂരത്തെ പ്രതി തള്ളിമറിച്ചുകൊണ്ടിരുന്ന പാവം സൈബർ സഖാക്കളെയാണ് അന്നും പതിവുപോലെ മന്ത്രി പുംഗവന്മാർ നാണം കെടുത്തിയത്.
കുഞ്ഞൻ കൊവിഡ് ആചാരലംഘനം നടത്തിയ പൂരത്തിനു മുൻപ് നടന്ന പൂരത്തിൽ എപ്പോഴും എന്ന പോലെ 4മണിക്കൂർ നിൽക്കേണ്ടി വന്നില്ലെങ്കിലും തുമ്പികൈ പൊക്കി അഭിവാദനം ചെയ്യാൻ നിർബന്ധിക്കുന്ന, തെച്ചികോട്ടുക്കാവ് രാമചന്ദ്രൻറെ താടിക്കു താഴെ തോട്ടി കൊണ്ടുള്ള മൂന്നു കുത്ത് എന്ന സുന്ദര ആചാരം മുടക്കാതിരിക്കാൻ സുനിൽകുമാർ മന്ത്രി സഹിച്ച ത്യാഗം ചില്ലറയല്ല. ഒറ്റ രാത്രി കൊണ്ട് തെച്ചിക്കാവ് രാമചന്ദ്രനെ അരോഗദൃഢ ഗാത്രനായിത്തീർത്ത, രാമചന്ദ്രന്റെ അന്ധത എടുത്തു മാറ്റികൊടുത്ത; പൂര വിളമ്പരത്തിന് ശേഷം ലോറിയിൽ കൊണ്ടുപ്പോയി ഇറങ്ങി തളച്ചു കഴിഞ്ഞപ്പോൾ അന്ധത തിരിച്ചു കൊടുത്ത സുനിൽകുമാർ ആശാനും കൊല്ലത്തെ പീതാംബരൻ ആശാനെ പോലെ തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്ന മാന്യദ്ദേഹമാണെന്ന് അന്ന് തെളിയിച്ചതാണ്. പിന്നീട് പള്ളിപ്പറമ്പിലെ രാമനെ ഉയർത്തിയ കഴിഞ്ഞ വർഷത്തെ പൂരത്തിലും എല്ലാസനാതനികളും ഒത്തൊരുമയോടെ നിൽക്കുന്നത് നാം കണ്ടതല്ലേ?
ഇതോടൊപ്പമുള്ള ചിത്രം ഓർമ്മയുണ്ടോ? തെക്കോട്ട് ഇറക്ക’മെന്ന ആചാരത്തിനേക്കാൾ വലിയ ഗൗരവമുള്ള കാര്യമാണ് ‘തെക്കോട്ട് എടുക്കുന്ന’ ആചാരം!
ആചാരം സംരക്ഷിക്കാനായി കേരളത്തിൽ ഒരു ഡസനിലധികം ഹർത്താലുകളും പോലീസ് സ്റ്റേഷനിലേക്ക് വരെ ബോംബേറും നടത്തിയ ആചാരസംരക്ഷണ കുത്തിക്കഴപ്പുകാരെല്ലാം കുഞ്ഞൻ കോവിഡിന്റെ കാലത്ത് ആണ് ‘തെക്കോട്ട് എടുക്കുന്ന’ ആചാരം മനസിലാക്കി മര്യാദയ്ക്കായത്.
അതിന് മുൻപ് മറ്റേ രാമേന്ദ്രനാന ആചാരമനുസരിച്ച് മണികണ്ഠനാലിന് സമീപത്തെ നിലപാടുതറയില്‍ വച്ച് തിടമ്പ് കൊമ്പന് ദേവിദാസന് കൈമാറണമെന്നാണ് നിയമം എന്നായിരുന്നു മറ്റേ പുള്ളിക്കാരൻ പറഞ്ഞ ഹിന്ദു പണ്ഡിതന്മാരെല്ലാം പറഞ്ഞിരുന്നത്. ആചാരം തീരുമാനിക്കുന്നത് കോടതിയുമല്ല സർക്കാരുമല്ല ആ ജാതി പണ്ഡിതമലരുകളാണെന്നാണ് സ്വന്തമായി ദേവസ്വം മന്ത്രിയുള്ള ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിജി പറഞ്ഞിരുന്നതും. എന്നാൽ ഒരുപണ്ഡിതനും തീരുമാനിക്കതെ ഇത്തവണ രാമചന്ദ്രനും വേണ്ട പപ്പനാവനും വേണ്ട നെയ്തലക്കാവ് ഭഗവതിയും വേണ്ട പൂരവും വേണ്ടെന്ന് കോവിഡ് ഭഗവാൻ അങ്ങ് തീരുമാനിച്ചപ്പോൾ തിരുവാമ്പാടി ഭഗവതി പോകുന്ന പോകുകണ്ടാൽ പെറ്റ തള്ള സഹിക്കൂല്ല!
അതിന് മുൻപുള്ള വർഷം നിരവധി മനുഷ്യരെയും ആനകളെയും കൊന്നിട്ടുള്ള രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെന്ന ‘ഗജ കേസരിയെ തള്ളിക്കൊണ്ടുവന്നാണ് ആചാരപരമായി വാതിൽ തുറപ്പിച്ചത്. ദൈവങ്ങൾക്കും ഭക്തന്മാർക്കും പ്രസാദിക്കാൻ മിണ്ടാപ്രാണികൾക്ക് മേൽ നടത്തുന്ന കൊടിയ പീഢനങ്ങളുടെ ആചാരങ്ങൾ! സംരക്ഷിക്കാൻ നവോത്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം കര്‍ശന ഉപാധികളോടെ നിശ്ചിത സമയത്തേക്കു ആചാരസംരക്ഷണാർത്ഥം മാത്രം തൃശൂർ ജില്ലയിലെ ആകാശം ഇടിഞ്ഞുവീഴാതിരിക്കാനായി ആ അന്ധനായ ആനയെ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
അതുകൊണ്ട് തെക്കോട്ട് ഇറക്ക’മെന്ന ആചാരത്തിനേക്കാൾ വലിയ ഗൗരവമുള്ള കാര്യമാണ് ‘തെക്കോട്ട് എടുക്കുന്ന’ ആചാരം എന്ന് മനസിലാക്കാൻ ഇതുപോലെ കുറേയെണ്ണങ്ങൾ വെടി മരുന്നിന് തീപിടിച്ചും അന ചവിട്ടിയും വിഷ്ണുലോകം പൂകുന്നത് നല്ലതാണ്.
അതുകൊണ്ട് ‘വെടി’ ഞങ്ങളുടെ ആചാരമാണ്, കരിയും ഞങ്ങളുടെ ആചാരമാണ്. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ജന്മാവകാശമാണ് .
ആചാരങ്ങൾ അലംഘനീയങ്ങൾ ആണ്.
ആചാരങ്ങൾക്കൊപ്പം. കരിക്കും കരി മരുന്നിനും ഒപ്പം!

