പാട്‌ന: ബിഹാറിനെ ഇനി സാമ്രാട്ട് ചൗധരി നയിക്കും. സംസ്ഥാനത്തിന്റെ 21-ാമത് മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയാണ് അദ്ദേഹം. 20 വര്‍ഷത്തോളം പദവിയിലിരുന്ന് ബിഹാര്‍ സര്‍ക്കാറിന് നേതൃത്വം നല്‍കിയ നിതീഷ് കുമാര്‍ ഇന്നലെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു.
പാട്‌നയിലെ ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സെയ്ദ് അറ്റാ ഹസ്‌നൈന്‍ പുതിയ നായകന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജനതാദള്‍ യു എം എല്‍ എമാരായ വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവര്‍ രണ്ടുപേരും ഡെപ്യൂട്ടി മന്ത്രിമാരായി ചുമതലയേല്‍ക്കും.
ഇതോടെ ബി ജെ പിക്ക് രാജ്യത്ത് 16 മുഖ്യമന്ത്രിമാരായി. പാര്‍ട്ടി സര്‍ക്കാറുണ്ടാക്കുന്ന 19-ാമത്തെ സംസ്ഥാനമാണ് ബിഹാര്‍. ബി ജെ പിയുടെ ചരിത്രത്തിലെ 57-ാമത് മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.
നേരത്തെ, നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട്. നിലവില്‍ രാജ്യസഭാംഗമാണ്. സാമ്രാട്ടിനെ നിതീഷിന്റെ സാന്നിധ്യത്തില്‍ എന്‍ ഡി എയുടെ നിയസസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തു.

