dr. ambedkar, vindhyavali, oattam thanupillai

✍️ ലിബി. സി.എസ്

എല്ലാ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ ഒരു ഉദ്ദേശവും ലക്ഷ്യവും ഒക്കെയുണ്ടാവും അത് മതപരമായ ആചാരം ആയാലും മതേതരമായമായ ആചാരമായാലും. ഉദാഹരണത്തിന് മതേതരമായ പുന്നപ്ര വയലാർ വാർഷിക വാരാചരണം പോലുള്ളവ ആയാലും. ഒരു പത്തുവർഷം ആചരിക്കാതിരുന്നാൽ അത് മറന്നുപോകും. അതുകൊണ്ട് ഓർമ്മപുതുക്കാൻ ആണ് അത് ആഘോഷിക്കുന്നത്. അതു പോലെ തന്നെയാണ് മതപരമായ ആഘോഷങ്ങളും.

“ഇൻഡ്യൻ ഉത്സവങ്ങളുടെ ചരിത്രം ആര്യബ്രാഹ്മണരുടെ വിജയത്തിൻറെ ആഘോഷങ്ങൾ അല്ലാതെ മറ്റൊന്നുമല്ല. ബ്രാഹ്മണരുടെ ഓരോ ഉത്സവത്തിനും പിന്നിൽ. തദ്ദേശീയ ഐതീഹ്യങ്ങളുടെ കൊലപാതകത്തിൻറെയും നാശത്തിൻറെയും രഹസ്യം മറഞ്ഞിരിക്കുന്നു.”– ഡോ. ബി ആർ അംബേദ്‌കർ

മഹാബലി ഒരു മിത്താണ്. ഇത് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥപോലെ അപകടകാരിയായ ഒരു മിത്താണ്. രണ്ടിലും അധീശത്വം ബ്രാഹ്മണന് തന്നെയാണ്! കൊണ്ടാടപ്പെടുന്ന ഓണം മിത്തിൽ ഇന്ന് വിജയിച്ചത് വാമനൻ തന്നെയാണ്. അതുകൊണ്ടാണ് സംഘികൾ ഇത് വാമനജയന്തിയാണ് എന്ന് പറയുന്നത്. അതാണ് വാസ്തവവും.

മഹാബലിയുടെ പുത്രനായ ബാണാസുരൻ അച്ഛനെ ചതിച്ച വിഷ്ണുവുമായി യുദ്ധത്തിൽ ഏർപ്പെടുകയും വിഷ്ണു വിജയിക്കുകയും ചെയ്തത് ആചാരമായി കൊണ്ടാടുന്ന അത്തം മുതൽ 10 ദിവസം നീണ്ടുനിന്ന യുദ്ധവിജയ ആഘോഷത്തിൽ അവസാനം മലയാളിയുടെ മനസിൽ ആദരവ് മഹാബലിയോടാണെങ്കിലും അവരുടെ ആചാരത്തിൽ അത്തപ്പൂക്കളത്തിൽ പത്താം ദിവസം വാഴിക്കുന്നത് മഹാബലിയെ അല്ല തൃക്കാക്കര അപ്പനായ വാമനനെ ആണ്. ഇത്തരം യുദ്ധവും ആര്യ ദൈവങ്ങളുടെ വിജയവും 10 ദിവസം ആഘോഷിക്കുന്ന ആചാരങ്ങൾ എല്ലാ സ്റ്റേറ്റിലുമുണ്ട്. ആരുടെയോ വിജയം ആവര്ണ്ണനെക്കൊണ്ട് ആഘോഷിപ്പിക്കുന്ന വിജയദശമിയും ദസറയും ഒക്കെ ഉദാഹരണങ്ങൾ.

ഓണം മിത്തിൽ സംഘികളും അല്ലാത്തവരും ഓർക്കുകപോലും ചെയ്യാത്ത വിന്ധ്യവലി എന്നൊരു കഥാപാത്രം കൂടിയുണ്ട്. മഹാബലിയുടെ ഭാര്യ. മഹാബലിയുടെ പുത്രനായ ബാണാസുരൻ അച്ഛനെ ചതിച്ച വിഷ്ണുവുമായി യുദ്ധത്തിൽ ഏർപ്പെടുമ്പോൾ പൂർണ നഗ്നയായി മകനെ രക്ഷിക്കാൻ വിന്ധ്യവലി എന്ന ധർമ്മ മൂർത്തിയായ ആ ദ്രാവിഡ മാതാവ് എത്തുന്നുണ്ട്. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് അയച്ചപ്പോൾ ഇത് ചതിയാണെന്ന ശുക്രാചാര്യരുടെ താക്കീത് വകവെക്കാതെ വാക്കിനാണ്‌ വില എന്ന മഹാബലിയുടെ തീരുമാനത്തെ ശക്തമായി പിൻതാങ്ങി മഹാബലിയോടൊപ്പം പാതളത്തിലേക്ക് പോയ വിന്ധ്യവലിയെ എന്താണ് നമ്മളാരും ഓർക്കാത്തത്? അക്കാര്യത്തിൽ എല്ലാ മലയാളികളും ഒരേതൂവൽ പക്ഷികളാണല്ലോ?

ഓണം മതേതരമായ ഒരാഘോഷമാണോ എന്ന ചോദ്യം സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും സംവാദാത്മകത സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ട്. പി കുഞ്ഞിരാമന്‍ നായരുടെ കാവ്യ സംഭാവനകളെ വിമര്‍ശിച്ചുകൊണ്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പുസ്തകത്തില്‍ ഓണത്തെ ഔദ്യോഗിക ദേശീയോത്സവമാക്കി പ്രഖ്യാപിച്ച പട്ടം താണുപിള്ള മന്ത്രിസഭയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്.

ഈ പുസ്തകത്തിനെഴുതിയ അവതാരികയില്‍ കെ ഇ എന്‍ ഈ വിമര്‍ശനത്തെ വികസിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹം കേട്ട പഴിക്കും ശാസനകള്‍ക്കും വർഗ്ഗീയവാദി, തീവ്രവാദി വിളികൾക്കും അതിരില്ല. സ്വത്വരാഷ്ട്രീയത്തിന്റെ അര്‍ബുദം ബാധിച്ച് കെ ഇ എന്‍, ഓണത്തെ പൈശാചികവത്കരിച്ചു എന്ന നിലക്കായിരുന്നു അന്ന് തീവ്രഹിന്ദുത്വ വാദികൾക്കൊപ്പം മൃദുഹിന്ദുത്വ വാദികളായ പുരോഗമന നാട്യക്കാരുടെയും ആക്രമണം.

‘ഓണം സവര്‍ണം തന്നെ’ എന്ന അഭിപ്രായക്കാരനായിരുന്നു ചരിത്രകാരനും ദലിത് ചിന്തകനുമായ കെ.കെ. കൊച്ച്, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ വൈഷ്ണ ആചാരമാണ് ഓണം. സവര്‍ണഹിന്ദുക്കളിലെ വൈഷ്ണവരുടെ ആഘോഷമായിരുന്നു ഓണം. ഓണത്തിന്റെ അനുഷ്ഠാനങ്ങളും കര്‍മങ്ങളും അതു വിളിച്ചുപറയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും ഇതിന് ഉപോദ്ബലകമായ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ടെന്നും കെ.കെ. കൊച്ച് പറയുന്നു.

മതേതരർ ഓണത്തെ ഏറ്റവും മതേതരമായ ദേശീയാഘോഷമാക്കി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഒരു പിശകുണ്ട്. അതായത്, ഓണത്തിന് ഒരു ആത്മീയ തലമുണ്ട്. അത് തികച്ചും ഹൈന്ദവവും സവര്‍ണവുമാണ്. അത് പോഷിപ്പിക്കാനാണ് 1961ല്‍ പട്ടം താണുപിള്ള ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമാക്കിയത്. ഇത് വേണ്ടത്ര കാണാതെ പോകുന്ന പുരോഗമനവിശ്വാസികള്‍, ഓണാഘോഷത്തിന്റെ ഭൗതിക തലം മതേതരമായിത്തീര്‍ന്നതില്‍ ആനന്ദിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് ഓണം തങ്ങളുടെ ഉത്‌സവമല്ലെന്ന് വേറേതെങ്കിലും മതക്കാർ പറഞ്ഞാൽ പുരോഗമനവാദികളും യുക്തിവാദികളും വരെ അവരെ തെറിവിളിക്കാൻ നടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

ഇത് ആഘോഷിക്കേണ്ടവർക്ക് ആഘോഷിക്കാം. ഇതിനെ ഭരണകൂടം കേരളത്തിൻറെ ദേശീയ ആഘോഷമായി പ്രഖ്യാപിക്കുകയും ഒരുഭരണാധികാരി 1961 ൽ അടിച്ചേൽപ്പിച്ച ഹിന്ദുക്കളുടെ ഒരു ആഘോഷം തങ്ങളുടെ ആഘോഷമല്ലെന്നും തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്നും വേറേതെങ്കിലും മതക്കാർ പറഞ്ഞാൽ ഉടനെ യുക്തിവാദികൾ വരെ അവരെപ്പോയി തെറിവിളിക്കുന്നത് സാംസ്‌കാരിക അധിനിവേശം അവർപോലും അറിയാതെ അവരിൽ പോലും സംഭവിച്ചുകഴിഞ്ഞിരിക്കുന്നതുകൊണ്ടാണ്. cult ഉണ്ടാക്കാനാണല്ലോ ഭരണകൂടത്തിന് ഒരു cultural department തന്നെയുള്ളത്. പട്ടംതാണുപിള്ളയുടെ ലക്‌ഷ്യം വിജയംകണ്ടുകഴിഞ്ഞു എന്ന് സാരം!

എല്ലാ ഓണത്തിനും ഏതെങ്കിലും ഒരു പള്ളീലച്ചനോ ഉസ്താദോ ഓണത്തിനെതിരെ എപ്പോഴെങ്കിലും പറഞ്ഞ പഴയ വീഡിയോകളുടെ കഷണങ്ങളുമിട്ട് തെറിവിളിക്കുന്ന ഒരാചാരം ഇപ്പോൾ പതിവായിനടന്നുവരുന്നുണ്ട്.

ഇത്തവണ ഫാദർ തോമസ് വാഴച്ചാരിക്കൽ എന്ന ഒരു പള്ളീൽ അച്ചൻ ആണ് ഈ കലാപരിപാടിയുടെ ഇര. അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്? അവരുടെ വിശ്വാസം അനുസരിച്ച് ഇത് സാത്താനിക ആചാരമാണ്. അത് വാഴച്ചാരിക്കൽ അച്ചൻ മാത്രം പറഞ്ഞ കാര്യമല്ല, ഉദയംപേരൂർ സുനഹദോസിൻറെ കാനോനകളിൽ ഉള്ള കാര്യമാണ്. കത്തോലിക്കർ ഓണം ആഘോഷിക്കുന്നത് ഉദയംപേരൂര്‍ സുന്നഹദോസ് തന്നെ വിലക്കിയ കാര്യമാണ്. മുസ്ലിങ്ങളും ആഘോഷിച്ചിരുന്നില്ല, ഭരണകൂടം മതപരമായ ഒരാഘോഷത്തെ ദേശീയ ആഘോഷമാക്കിയിട്ട് അത് തങ്ങളുടെ ആചാരം അല്ലെന്ന് മറ്റു മതത്തിലെ ആരെങ്കിലും പറഞ്ഞാൽ അവരെ തെറിവിളിക്കാൻ നടക്കുന്നത് തെണ്ടിത്തരം അല്ലാതെ എന്താണ്? സൗകര്യം ഉള്ളവർ ആഘോഷിക്കും അല്ലാത്തവർ ആഘോഷിക്കണ്ട. തങ്ങളുടെ അനുയായികളോട് അത് തങ്ങളുടെ ആചാരമല്ല എന്ന് പറയാൻ ഏതു മതക്കാർക്കും ഇന്ത്യയിൽ അവകാശമുണ്ട്. ഞങ്ങളുടെ മായാവിസ്റ്റ് തിരുസഭ അംഗങ്ങളും ഓണം ആഘോഷിക്കാറില്ല.

ഇവരുടെ ആചാരങ്ങളും ഓണവും വിഷുവുമൊക്കെപോലുള്ള ആഘോഷങ്ങളും എല്ലാം വലിച്ചെറിയാതെ അതൊക്കെ തുടരാൻ ഒരോരൊ ന്യായങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നവർക്ക് സുനാതന അധർമ്മത്തിനെതിരെ ഒരു ഒലക്കയും ചെയ്യാൻ പറ്റില്ല എന്നതാണ് യായഥാർഥ്യം. ഡോ. അംബേദ്‌കർ “ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതും അവസാനിപ്പിക്കുക. അത്തരം സ്ഥാപനങ്ങളിൽനിന്നും അവരുടെ ആചാരങ്ങളിൽ നിന്നും ആഘോഷങ്ങളിൽനിന്നുമെല്ലാം പരമാവധി അകലം പാലിക്കുക.” എന്ന് വെറുതെ പറഞ്ഞതല്ല.

By Editor

Leave a Reply

Your email address will not be published. Required fields are marked *