Wed. Apr 8th, 2026

ടെഹ്‌റാൻ: പശ്ചിമേഷ്യയില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തുമെന്ന യു എസ് പ്രഖ്യാപനം അംഗീകരിച്ച് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കാന്‍ തയ്യാറായാല്‍ ആക്രമണം താത്കാലികമായി നിര്‍ത്തിവെക്കാമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. പാകിസ്താന്‍ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഇസ്‌ലാമാബാദില്‍ നടക്കാനിരിക്കേയാണ് നിര്‍ണായക നീക്കങ്ങള്‍.

ഹോര്‍മുസിലൂടെ രണ്ടാഴ്ചത്തേക്ക് എണ്ണ കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യു എസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇറാന്‍ ഹോര്‍മുസ് തുറന്നുകൊടുക്കണമെന്നും പാകിസ്താന്‍ പ്രധാന മന്ത്രി ഷഹബാസ് ശരീഫ് നിര്‍ദേശിച്ചിരുന്നു.

ഇറാന്റെ തന്ത്രപ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാരിജ് ദ്വീപിലെ 50 സൈനിക കേന്ദ്രങ്ങളില്‍ ഇന്നലെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ആക്രമണം. ഇറാന്റെ സമ്പൂര്‍ണ നാഗരികത ഇന്ന് രാത്രി ഇല്ലാതാകുമെന്നും അതിനി ഒരിക്കലും തിരിച്ചുകൊണ്ടുവരാനാകില്ലെന്നും തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാനും സമാധാന കരാറിലെത്താനും ട്രംപ് ഇറാന് നല്‍കിയ സമയപരിധി ഇന്നലെ രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5.30) അവസാനിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പാണ് കടുത്ത ഭാഷയിലുള്ള ഭീഷണി ട്രംപ് ആവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *