subhash chandra

ന്യൂഡൽഹി: 22,000 കോടി രൂപയുടെ കടബാധ്യതയിൽ വെറും 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്കാണ് വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ബാധ്യതയിൽ ഇളവ് ലഭിച്ചത്. ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് നടപടി. സുഭാഷ് ചന്ദ്രയുടെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി 170 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻസിഎൽടിയെ സമീപിച്ചത്.

ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരമാണ് കേസ് ഒത്തുതീർപ്പാക്കിയത്. കടക്കാരൻ മുന്നോട്ടുവെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരത്തിനാണ് നിയമപ്രകാരം പ്രധാന പരിഗണന. ഈ കേസിൽ ഉൾപ്പെട്ട 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻസിഎൽടി ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ വിഷയത്തിൽ എൻസിഎൽടിയുടെ ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് കേസ് മൂന്നാമതൊരു അംഗത്തിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടർന്നാണ് തിരിച്ചടവ് പദ്ധതിക്ക് അനുമതി നൽകുന്ന ഉത്തരവ് ഉണ്ടായത്. 22,000 കോടി രൂപയുടെ ബാധ്യതയ്ക്ക് 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കണമെന്ന ഉത്തരവാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ഐബിസി നിയമപ്രകാരം ഭൂരിപക്ഷം ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ച തിരിച്ചടവ് പദ്ധതിക്കാണ് മുൻഗണന ലഭിക്കുന്നത്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സുഭാഷ് ചന്ദ്രയുടെ കേസിലും തീരുമാനം ഉണ്ടായത്. അതേസമയം, ഇത്രയും വലിയ കടബാധ്യതയിൽ താരതമ്യേന ചെറിയ തുക തിരിച്ചടയ്ക്കാനുള്ള അനുമതി ലഭിച്ചതാണ് ഉത്തരവിനെ ശ്രദ്ധേയമാക്കുന്നത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *