Sat. May 16th, 2026

ഫ്ലോറിഡ: ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്ക നാവികസേനയുടെ നടപടിയെ ‘കടൽക്കൊള്ള’യോട് ഉപമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന രാഷ്ട്രീയ റാലിയിലായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമർശം. ഇറാനിയൻ എണ്ണയും ചരക്കുകളും പിടിച്ചെടുക്കുന്നത് വലിയ ലാഭകരമായ ബിസിനസ്സാണെന്നും തങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് റാലിയിൽ അവകാശപ്പെട്ടു.

അതേസമയം, അമേരിക്കയുടെ ഈ നീക്കത്തെ ‘സായുധ കവർച്ച’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ലോകം കടൽക്കൊള്ളയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കൻ സൈന്യം രണ്ട് ഇറാനിയൻ ടാങ്കറുകൾ തടഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകിയത്.

നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞിരിക്കുകയാണ്. ഇതിന് മറുപടിയായാണ് ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ഇതുവരെ ഉപരോധം ലംഘിച്ച 45 കപ്പലുകൾ യുഎസ് സെൻട്രൽ കമാൻഡ് പിടിച്ചെടുക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്. വാഷിംഗ്ടൺ ഉപരോധം പിൻവലിക്കാതെ കടലിടുക്കിലെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലാണ് ഇറാൻ.

Leave a Reply

Your email address will not be published. Required fields are marked *