Wed. Jun 10th, 2026

മുസാഫറാബാദ്: ഇന്ത്യയുടെ 40 ലധികം സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ അൽ-ബദർ ഭീകര സംഘടനയുടെ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ നടത്തിയ പെട്ടെന്നുള്ള ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അർജുമന്ദ് ഗുൽസാർ ദാർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ആക്രമണത്തിൽ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ ഏറ്റാണ് ഇയാൾ മരിച്ചത്. കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കായുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റ്, ആയുധങ്ങൾ എത്തിക്കൽ, 2020 നവംബറിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണം ഉൾപ്പെടെയുള്ള നിരവധി ഭീകര പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത് ഇയാളായിരുന്നു.

പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദാർ നടത്തിയ ചാവേർ ആക്രമണത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും, തെക്കൻ കശ്മീരിലെ ഭീകരവാദ ശൃംഖലയെ നിയന്ത്രിക്കുകയും ചാവേറുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തത് ഹംസ ബുർഹാൻ ആയിരുന്നു. ആക്രമണത്തിന് ശേഷം ഇന്ത്യൻ സുരക്ഷാ സേന വൻതോതിൽ വേട്ടയാടൽ ആരംഭിച്ചതോടെ ഇയാൾ അതിർത്തി കടന്ന് പാക് അധീന കശ്മീരിലേക്ക് പലായനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2022-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഭീകരാക്രമണങ്ങളിൽ ഒന്നായ പുൽവാമ സംഭവത്തിന് പ്രതികാരമായിട്ടായിരുന്നു 2019 ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകര ക്യാമ്പുകളിൽ മിന്നലാക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *