ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കോണ്‍ഗ്രസ്, സി പി ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുമായും സി പി ഐ ആസ്ഥാനമായ അജോയ് ഭവനിലെത്തി ജനറല്‍ സെക്രട്ടറി ഡി രാജയുമായും ആശയ വിനിമയം നടത്തി. ബുധനാഴ്ച വൈകീട്ട് 10 ജന്‍പഥിലെ വസതിയിലെത്തിയാണ് വിജയ് രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കണ്ടത്. നാളെ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് വിജയ് ഡല്‍ഹിയിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഡല്‍ഹി സന്ദര്‍ശനത്തില്‍ നേരത്തെ വിജയ്, സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടത്താതെ മടങ്ങിയിരുന്നു. വിജയ്യുടെ രണ്ടാം ഡല്‍ഹി സന്ദര്‍ശനത്തിനിടെ ആണ് ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെയും വിജയ് സന്ദര്‍ശിച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ) കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണയോടെ ആണ് ഭരണത്തിലേറിയത്. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്ക് വേദിയില്‍ തന്നെ ഇരിപ്പടം നല്കിയതും ശ്രദ്ധേയമായിരുന്നു. ടി വി കെ മന്ത്രിസഭയില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും വിജയ് ഉള്‍പ്പെടുത്തി. തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നാേെള ചേരുന്ന നിതി ആയോഗ് യോഗത്തില്‍ വിജയ് തമിഴ്നാടിന്റെ സാമ്പത്തിക, ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിക്കും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ കേന്ദ്രമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും.

