Wed. Jun 10th, 2026

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കൊപ്പം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിയമസഭയില്‍ പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ പോലീസ് മേധാവി പുറത്തേക്ക് പോയി. നിയമസഭയ്ക്കകത്ത് പ്രവേശിക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ഡിജിപി സഭയ്ക്കകത്ത് വന്നത് ഗവര്‍ണര്‍ക്കൊപ്പമാണ്. പ്രോട്ടോകോള്‍ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തിയിരുന്നു. സഭാതലത്തില്‍ പ്രവേശിച്ച ശേഷമാണ് മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കര്‍ മറുപടിയില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിലും വിഷയം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു. മുന്‍പില്ലാത്ത കീഴ്വഴക്കമാണിത്. സാധാരണ ഗതിയില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നും അക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തിയതായും പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ ഡിജിപിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *