Wed. Jun 10th, 2026

കണ്ണൂർ: സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ജനങ്ങൾ ഒരു മാറ്റമാണ് ആഗ്രഹിച്ചതെന്നും ആ ജനവിധി തങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പരാജയം സിപിഐ എമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

സർവ്വതലസ്പർശിയായ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയത്. എന്നിരുന്നാലും ജനവിധി മറിച്ചായിരുന്നു. ജനവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. എന്തൊക്കെയാണോ കഴിഞ്ഞ ഭരണകാലത്ത് എൽ ഡി എഫ് നടപ്പാക്കിയത്, അതിലെല്ലാം ഒരൊറ്റ ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നത് മാത്രമായിരുന്നുവെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ജനക്ഷേമത്തിന് ഉതകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളെല്ലാം പുതിയ യുഡിഎഫ് സർക്കാർ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുപോലെയുള്ള അനേകം പ്രതിസന്ധി ഘട്ടങ്ങളെ തങ്ങൾ മുൻപും തരണം ചെയ്തിട്ടുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. യാതൊരുവിധ സംശയവുമില്ലാതെ, കൂടുതൽ ജനപിന്തുണയോടെയും കരുത്തോടെയും സിപിഐ എമ്മും എൽഡിഎഫും രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനായി എല്ലാവരും ആവശ്യമായ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ജനക്ഷേമം മുൻനിർത്തി ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് എൽ ഡി എഫ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *