Sat. May 16th, 2026

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് ബി.ഡി.എസ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി ഉടൻ തീരുമാനിക്കും. നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നടപടി.

അതേസമയം, നിതിൻ രാജിന് നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തിയ കേരള ഹർത്താൽ നേരിടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. 52 ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്ന് നടത്തിയ ഹർത്താൽ ദിവസങ്ങൾക്ക് മുൻപേ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. എന്നിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം. പ്രതിഷേധക്കാർ ബസുകൾ തടയുന്നതും കടകൾ അടപ്പിക്കുന്നതും സംബന്ധിച്ച വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തില്ല. പലയിടങ്ങളിലും പ്രതിഷേധക്കാരെ നേരിടാൻ മതിയായ പോലീസ് സന്നാഹം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം പള്ളിപ്പുറത്ത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായതും രോഗികളും വിദ്യാർത്ഥികളും വഴിയിൽ കുടുങ്ങിയതും പോലീസിന്റെ വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. ഡി.എച്ച്.ആർ.എം (DHRM) അടക്കമുള്ള സംഘടനകളുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും പരാജയമുണ്ടായി. അതിനിടെ, ഹർത്താലിന്റെ പേരിൽ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *