Fri. May 15th, 2026

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നായി ഓരോരുത്തരെയും ആണ് പിടികൂടിയത്. അറസ്റ്റിലായവരിൽ രാജസ്ഥാനിൽ നിന്നുള്ള യുവമോർച്ച നേതാവ് ദിനേശ് ബിവാളും സഹോദരൻ മാംഗിലാൽ ബിവാളും ഉൾപ്പെടുന്നു. ഇവർ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ കൈക്കലാക്കിയത്. എന്നാൽ ഇവർക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.

അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഇടങ്ങളിൽ സിബിഐ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. നാസിക്കിൽ നിന്ന് അറസ്റ്റ് ചെയ്ത 30 വയസ്സുകാരനായ ശുഭം ഖൈർനാറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് എത്തിക്കും. ഇതിനായി സിബിഐക്ക് കോടതി ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. നിലവിൽ 15 ഓളം പേരെ സിബിഐ ചോദ്യം ചെയ്തുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യപേപ്പർ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മെസേജിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരീക്ഷാ അട്ടിമറിക്ക് പിന്നിലെ വൻ സ്രാവുകളെ കണ്ടെത്താനുള്ള വിപുലമായ നീക്കത്തിലാണ് സിബിഐ ഇപ്പോൾ. പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെയാണ് സിബിഐയുടെ നിർണ്ണായക നീക്കം.

Leave a Reply

Your email address will not be published. Required fields are marked *