Fri. May 15th, 2026

ബംഗളൂരു: കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022ല്‍ മുന്‍ ബി ജെ പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്ന് വര്‍ഷമായിട്ടും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് സിദ്ധരാമയ്യ സര്‍ക്കാറിന്റെ തിരക്കിട്ട നടപടി.

നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി അഞ്ചിന് ബി ജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

കര്‍ണാടകയിലെ ഹിജാബ് വിഷയം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലേറി മൂന്ന് വര്‍ഷമായിട്ടും ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാത്തതില്‍ മുസ്ലിം വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ഹിജാബ് നിരോധം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്ന് വര്‍ഷമായിട്ടും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് നടപടി.

കോണ്‍ഗ്രസ് സര്‍ക്കാരിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡ്-ഹോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കര്‍ണാക സ്റ്റേറ്റ് മുസ്ലിം ഫെഡറേഷനാണ് സമ്മേളനത്തിന്റെ സംഘാടകര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിം സമുദായത്തിന് വേണ്ടി എന്തുചെയ്തുവെന്ന് അവലോകനം ചെയ്യുന്നതിനായാണ് ശനിയാഴ്ച മുസ്ലിം സംഘടനകളുടെ കൂട്ടായ്മ സംസ്ഥാനതല കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് ഒരു രാഷ്ട്രീയക്കാരനെയും ക്ഷണിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *