Fri. May 15th, 2026

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാര്‍ത്തികേയന്റെ വസതി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വീട് സാക്ഷിയായത്. ജി കാര്‍ത്തികേയന്റെ പത്നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വി ഡി സതീശന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വിതുമ്പലോടെ നിന്ന വി ഡി സതീശനെ സുലേഖ ടീച്ചര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി ഡി സതീശന്‍ ആശയവിനിമയം നടത്തി.

കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍. തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനേയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍. ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥനോട് പറയാറുണ്ട്. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണുള്ളതെന്നും, അവരിൽ ചേട്ടനാണ് സതീശനെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു. നിങ്ങള്‍ക്കെല്ലാം സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം. എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ ഞങ്ങളുടെ മൂത്ത മകനാണ്. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. കേരളം എന്നെന്നും ഓര്‍ക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറട്ടെയെന്നും സുലേഖ ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *