തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളും മോഷണം പോയി. ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പത്മനാഭസ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് എത്തിച്ച അപൂർവ്വ ശേഖരങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കൊട്ടാരത്തിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഈ ആഭരണങ്ങൾ കാണാതായത്.
മോഷണം നടന്ന് മാസങ്ങളായിട്ടും അതീവ രഹസ്യമായാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ആഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞ നാല് മാസമായി ഊർജ്ജിതമായ ശ്രമങ്ങൾ നടന്നെങ്കിലും ഇതുവരെയും തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. കൊട്ടാരത്തിനുള്ളിൽ നടന്ന ഈ വൻ കവർച്ച അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്.

