Wed. Jun 10th, 2026

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കുമെന്നും പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. നവകേരള യാത്രയിലെ പോലീസ് മര്‍ദനത്തില്‍ സ്പെഷ്യല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെയും നിയമിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *