Sat. Jun 13th, 2026

പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നാനൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. സാധാരണ അഞ്ചാം തീയതിക്കുള്ളില്‍ നല്‍കുന്ന ശമ്പളമാണ് പന്ത്രണ്ട് കഴിഞ്ഞിട്ടും കൊടുക്കാത്തത്. ശമ്പളവിതരണത്തിന് തുക ലഭിക്കാത്തതാണ് തടസ്സം.

ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍ ഫയലില്‍ ഒപ്പിടാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്ന് പി പി സുമോദ് എം എല്‍ എ ആരോപിച്ചു. തുക അനുവദിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ ഒപ്പിട്ടിട്ടില്ല. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെയും പ്രതിസന്ധി ബാധിച്ചതായി എം എല്‍ എ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ ഏറെ കാലത്തിനുശേഷമാണ് ശമ്പളം മുടങ്ങുന്നത്. അധികാരത്തിലെത്തിയതിനുപിന്നാലെ മന്ത്രി കെ എ തുളസി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരവധിതവണ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, ശമ്പള വിതരണം മുടങ്ങിയിട്ടും മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *