ചെന്നൈ: രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ടിവികെ മന്ത്രി എസ് കീര്‍ത്തനക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തിങ്കളാഴ്ച നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ് കീര്‍ത്തനയുടെ സത്യപ്രതിജ്ഞ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് വരണാധികാരി നല്‍കുന്ന ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍’ ഹാജരാക്കാതിരുന്നതാണ് കീര്‍ത്തനക്ക് തടസമായത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍ കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവാദം നല്‍കിയില്ല. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ടിവികെ സര്‍ക്കാരില്‍ മന്ത്രിയായ കീര്‍ത്തനയെയും സത്യപ്രതിജ്ഞയ്ക്കായി പോഡിയത്തിനരികിലേക്ക് നടന്നെത്തിയത്. ഇതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍ എംഎല്‍എയോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാല്‍ കീര്‍ത്തനയ്ക്ക് ഇത് ഹാജരാക്കാനായില്ല. തുടര്‍ന്നാണ് സത്യപ്രതിജ്ഞ തടസപ്പെട്ടത്.
ശിവകാശി മണ്ഡലത്തില്‍ നിന്നും ഉജ്ജ്വല വിജയം നേടി സഭയിലെത്തിയ എസ് കീര്‍ത്തനയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും.വിരുതുനഗര്‍ സ്വദേശിയും സമ്പത്തിന്റെ മകളുമായ കീര്‍ത്തന, മധുര കാമരാജ് സര്‍വ്വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിഎസ്സിയും, 2019-ല്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്സിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് രാഷ്ട്രീയ ഉപദേശകയായും ഡിജിറ്റല്‍ കാമ്പയിന്‍ സ്ട്രാറ്റജിസ്റ്റായും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍, ടിവികെയുടെ രൂപീകരണ ഘട്ടത്തിലും യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

