കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെയും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു.റെയ്ഡ് വിവരമറിഞ്ഞ് കണ്ണൂരില്‍ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു.
ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു. അക്രമാസക്തരായ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടി. തുടർന്ന് മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി
കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അതേ സമയം പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇരുവരുടേയും വസതികളടക്കം 12 ഓളം ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

