Wed. Jun 10th, 2026

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള തന്റെ ആദ്യ ഡൽഹി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന ഇരുപത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ, തമിഴ്നാടിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ചയായി. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി നിരവധി നിർണായക വിഷയങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ തമിഴ്നാടിന്റെ വികാരം ഉൾക്കൊണ്ടുള്ള ആവശ്യങ്ങളാണ് വിജയ് മുന്നോട്ട് വെച്ചത്. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന് മുൻപായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ, കർണാടകത്തിന്റെ മേക്കെദാതു ഡാം പദ്ധതിക്കെതിരെയും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. ഈ പദ്ധതി സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും, സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഇതിന് അനുവാദം നൽകരുതെന്നും വിജയ് ആവശ്യപ്പെട്ടു. കൂടാതെ, തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നേവിയുടെ പിടിയിലാകുന്ന വിഷയം ഉൾപ്പെടെയുള്ളവയും ചർച്ചയിൽ ഉയർന്നു വന്നു.

അതേസമയം നെതർലൻഡ്സിൽ നിന്ന് ചോള കാലഘട്ടത്തിലെ ചെമ്പോലകൾ തിരികെ കൊണ്ടുവന്ന നടപടിക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. കൂടാതെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *