Fri. Apr 3rd, 2026

കൊച്ചി: ബി ജെ പി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ, വിദ്വേഷ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി. ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളിലൂടെ രാജ്യത്തിനും സമൂഹത്തിനുമുണ്ടായ ആഘാതം എങ്ങനെ മറികടക്കുമെന്ന് കോടതി ചോദിച്ചു. മറികടക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്തതെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. “കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തുന്നില്ല. തൊട്ടടുത്ത മലപ്പുറം ജില്ലയിലാണെങ്കില്‍ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇല്ല. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയില്‍ നിന്ന് അമ്പലം കൊള്ളക്കാരെയും വര്‍ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണില്‍ നമ്മള്‍ ജയിക്കും, നമ്മളെ ജയിക്കൂ…” എന്നിങ്ങനെ പോയി ഗോപാലകൃഷ്ണന്റെ അഭിപ്രായ പ്രകടനങ്ങള്‍.

പ്രസ്താവന വിവാദമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു. റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടി തന്നെ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്‍കിയ പരാതിയില്‍ ഗോപാലകൃഷ്ണനെതിരെ എഫ് ഐ ആര്‍ ചുമത്തിയിരുന്നു. വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ചുമത്തിയത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *