Wed. Jun 10th, 2026

✍️ സി.ആർ.സുരേഷ്

കേരളത്തിൽ ആദ്യമായൊരു അച്ചുകൂടം സ്ഥാപിച്ച് മലയാള ലിപിയുടെ രൂപം ഉണ്ടാക്കി മലയാളമുദ്രണത്തിന് വഴിതെളിച്ച ബ്രിട്ടീഷ് പാതിരിയാണ് ബെഞ്ചമിൻ ബെയ്‌ലി(1791 – 187l). ആദ്യമലയാള ഡിക്ഷ്ണറി, മലയാളം ബൈബിൾ, ഇന്ത്യയിലെ ആദ്യ കലാലയമായ കോട്ടയം സിഎംഎസ് (ചർച്ച് മിഷൻ സൊസൈറ്റി) കോളേജിന്റെ സ്ഥാപകനുമായിരുന്നു.

1791 നവംബറിൽ ഇംഗ്ലണ്ടിലെ യോർക്ഷയറിലെ ഡ്യൂസ്ബറി എന്ന സ്ഥലത്ത് ജനിച്ചു. ചർച്ച് മിഷൻ സൊസൈറ്റിയുടെ (സി.എം.എസ്.) ആദ്യ സെക്രട്ടറിയും പ്രസിദ്ധ വേദപുസ്‌തക വ്യാഖ്യാതാവുമായ തോമസ് സ്കോട്ടിന്റെ കീഴിൽ ദൈവശാസ്ത്രം അഭ്യസിച്ചു. ചെറുപ്പത്തിൽത്തന്നെ മരപ്പണിയും അഭ്യസിച്ചു. 1812-ൽ അദ്ദേഹം സി.എം.എസ്സിൽ ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. 1816 വരെ ഇംഗ്ലണ്ടുതന്നെയായിരുന്നു അദ്ദേഹത്തിൻ്റെ തട്ടകം. 1816-ൽ മതപ്രചാരണത്തിനായി കേരളത്തിലെത്തി.

1821 ഒക്ടോബർ 18-ന് ബെയ്‌ലി അച്ചടിയന്ത്രം ബോംബെവഴി സിറിയൻ കോളേജിൽ എത്തിച്ചു. യന്ത്രം വന്നെങ്കിലും അച്ചുകൾ ഇംഗ്ലീഷിന്റേതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശാരിമാരുടെയും കൊല്ലൻ്റെയും സഹായത്തോടെ മാറ്റിപ്പണിതു. 1821-ൽ അങ്ങനെയാണ് കേരളത്തിലെ ആദ്യ മലയാള മുദ്രണാലയമായി സി.എം.എസ്. പ്രസ്സ് മാറിയത്.

1821-ൽ സിഎംഎസ് പ്രസ്സിൽ നിന്നും ചില ലഘുലേഖകൾ അച്ചടിച്ചു തുടങ്ങി. കണ്ടുകിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴയ ലഘുലേഖ 1822-ലെ ‘മദ്യനിരോധി’യാണ്. 1824-ലെ ‘ചെറുപൈതങ്ങൾ’ ആയിരുന്നു കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകം. 1846 ൽ ആദ്യ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു. മലയാള ഭാഷാപദങ്ങൾക്ക് ഇംഗ്ലീഷിൽ അർത്ഥം നൽകുന്ന ആദ്യ മലയാളനിഘണ്ടുവാണ് ബെയ്ലിയുടേത്.

‘എ ഡിക്ഷ്‌ണറി ഓഫ് ഹൈ ആൻഡ് കൊളോക്കിയൽ മലയാളം ആൻഡ് ഇംഗ്ലീഷ്’ എന്നാണ് ബെയ്ലി നിഘണ്ടുവിന് ആദ്യം നൽകിയ പേര്. വിദ്യാസമ്പന്നരായ ആളുകൾ ഉപയോഗിച്ചിരുന്ന സംസ്കൃതപദബഹുലമായ ഭാഷയാണ് ‘ഹൈ’ എന്ന പദംകൊണ്ട് അദ്ദേഹം അർത്ഥമാക്കിയത്. സാധാരണ ജനങ്ങളുടെ ഗ്രാമ്യമായ സംസാരഭാഷയെ ‘കൊളോക്കിയൽ’ എന്ന പദംകൊണ്ട് അദ്ദേഹം വിവക്ഷിച്ചു.

മലയാളവാക്കുകൾക്ക് ഇംഗ്ലീഷിൽ മാത്രം അർത്ഥം പറയുന്ന രീതിയാണ് ആദ്യം നിഘണ്ടുവിൽ അദ്ദേഹം അനുവർത്തിച്ചത്. എന്നാൽ നാൽപ്പതോളം പുറങ്ങൾ അച്ചടിച്ചു കഴിഞ്ഞപ്പോൾ പ്രധാന പദങ്ങൾക്ക് ഇംഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും അർത്ഥം കൊടുക്കുന്ന രീതി അദ്ദേഹം അവലംബിച്ചു. അങ്ങിനെ 1849 നവംബറിൽ ‘എ കൺസൈസ് ഡിക്‌ഷ്‌ണറി ഓഫ് ഇംഗ്ലീഷ് ആൻഡ് മലയാളം’ എന്ന നിഘണ്ടുവും പ്രസിദ്ധീകൃതമായി. ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവാണിത്.

1848-ൽ ക്രിസ്ത്യാനികളുടെ സർവവിധമായ അഭിവൃദ്ധി ലക്ഷ്യമാക്കി ബെയ്‌ലി ‘ജ്ഞാനനിക്ഷേപം’ എന്ന മാസിക ആരംഭിച്ചു. കോട്ടയത്ത് സി.എം.എസ്. പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയ ആ മാസികയാണ് തിരുവിതാംകൂറിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ച ആദ്യമാസിക.

പള്ളികളുടെ ഉപയോഗത്തെപ്പറ്റി ഒരു സംവാദം, ഡോക്ടർ വാക്സിന്റെ ഒന്നും രണ്ടും ചോദ്യോത്തര പുസ്തകങ്ങൾ, മറേ സായ്‌പിൻ്റെ വ്യാകരണ സംഗ്രഹം, രണ്ട് ആട്ടിൻകുട്ടികൾ, രാമമോഹന റോയിയുടെ ഉപനിഷദ് വ്യാഖ്യാനം, മിസ് ഷെർവുഡ്ഡിൻ്റെ ഭാരതീയ തീർത്ഥാടകൻ എന്നിവയാണ് ബെയ്ലിയുടെ മറ്റു സാഹിത്യ സംഭാവനകൾ.

1850-ൽ കേരളത്തിൽനിന്ന് ഇംഗ്ലണ്ടിലേക്കു പോയ അദ്ദേഹം 20 വർഷം റെക്ടറായും റൂറൽ ഡീൻ ആയും സേവനം അനുഷ്ഠിച്ചു. മുപ്പത്തിനാലു വർഷം കേരളജീവിതം നയിച്ച ബെയ്ലി 1871 ഏപ്രിൽ 3-ന് ഇംഗ്ലണ്ടിൽ വച്ച് അന്തരിച്ചു. കേരളത്തിൽ വന്നതുമുതൽ മലയാള ഭാഷ പഠിക്കാൻ ബെയ്‌ലി ഉത്സാഹിച്ചിരുന്നു. രണ്ടുവർഷംകൊണ്ട് മലയാളത്തിൽ പരിജ്ഞാനം നേടിയ അദ്ദേഹം ആദ്യം ചെയ്തത് പ്രാർത്ഥനാപുസ്‌തകത്തിന് സ്വന്തമായി ഒരു പരിഭാഷയുണ്ടാക്കുകയാണ്. 1818-ലെ പള്ളിശുശ്രൂഷയിൽ ആ ‘ആരാധനാക്രമം’ ഉപയോഗിച്ചതിന് രേഖകളുണ്ട്. പള്ളിയിൽ മലയാളത്തിലായിരുന്നു അദ്ദേഹം പ്രസംഗിച്ചിരുന്നതും.

ചതുരവടിവായിരുന്ന മലയാള അക്ഷരങ്ങളെ പുതിയ വട്ടവടിവാക്കി മാറ്റിയത് ബെയ്‌ലിയുടെ സംഭാവനയാണ്. രൂപസൗന്ദര്യത്തിൽ മാത്രമല്ല അദ്ദേഹം പരിഷ്കരണം വരുത്തിയത്. അച്ചുകളുടെ സംഖ്യയും അദ്ദേഹം വെട്ടിക്കുറച്ചു. ‘ഇ’, ‘ഈ’ എന്നീ സ്വരങ്ങളുടെ ഉപലിപികൾ അദ്ദേഹം പ്രത്യേക അച്ചുകളാക്കി. അതോടെ മൊത്തം അച്ചുകളുടെ സംഖ്യ അഞ്ഞൂറോളമായി കുറഞ്ഞു. നിലവിലുണ്ടായിരുന്ന ഏതാനും കൂട്ടക്ഷരങ്ങൾ അദ്ദേഹം ഉപേക്ഷിച്ചു.

ബെഞ്ചമിൻ ബെയ്‌ലി രൂപകല്പന ചെയ്ത് നിർമ്മിച്ച മലയാള അച്ചുകൾ രൂപസൗന്ദര്യവും മനോഹാരിതയും ശാസ്ത്രീയതയുംകൊണ്ട് അവ അല്പമാത്രം പരീക്ഷണങ്ങൾക്ക് വിധേയമായി ഇന്നും നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *