Wed. Jun 10th, 2026

റിയാദ്: റിയാദ് ജയിലിൽ തടവിലായിരുന്ന അബ്ദുൾ റഹീമിന്റെ മോചനം വൈകുമെന്ന് റിപ്പോർട്ട്. വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി ആരംഭിക്കുന്നതിനാൽ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ല. അവധിക്ക് ശേഷം മാത്രമായിരിക്കും റഹീമിനെ ജയിൽ മോചിതനാക്കാൻ കഴിയുക. 20 വർഷം നീണ്ട ജയിൽവാസം ഇന്നലെ രാത്രിയോടെ പൂർത്തിയായിരുന്നു. ജയിൽ മോചന ഉത്തരവ് ലഭിച്ചാലുടൻ താൽക്കാലിക എക്സിറ്റ് വിസ നേടി റഹീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ അബ്ദുൾ റഹീം അറസ്റ്റിലായത്. ശാരീരിക വെല്ലുവിളികൾ നേരിട്ടിരുന്ന അനസിന് ഭക്ഷണം നൽകിയിരുന്ന ഉപകരണത്തിൽ അബദ്ധത്തിൽ തട്ടിയതിനെത്തുടർന്ന് കുട്ടി ബോധരഹിതനാവുകയും മരിക്കുകയുമായിരുന്നു. തുടർന്ന് കൊലക്കുറ്റം ചുമത്തി സൗദി പോലീസ് റഹീമിനെ അറസ്റ്റ് ചെയ്തു.

കോടതി വധശിക്ഷ വിധിച്ച കേസിൽ, ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലധികം രൂപ) ദിയാധനം (മോചനദ്രവ്യം) കെട്ടിവെച്ചതിനെത്തുടർന്നാണ് വധശിക്ഷ റദ്ദാക്കിയത്. ഇതിനുശേഷം റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്ന് കഴിഞ്ഞ വർഷം മെയ് മാസത്തിൽ കോടതി ഉത്തരവിട്ടു. 19 വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്ന റഹീമിന് ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടിയാണ് വേണ്ടിയിരുന്നത്. ആ കാലാവധിയാണ് ഇന്നലെയോടെ പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *