Sat. May 16th, 2026

തിരുവനന്തപുരം: വേനൽ കടുത്തതോടെ തണുപ്പുള്ള പ്രദേശം തേടി പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ചൂട് കാരണം വീടിന് പുറത്ത് കിടന്നുറങ്ങുന്ന ശീലം ഒഴിവാക്കണം. കൊതുക് വലയുടെ ഉപയോഗം പാമ്പുകളിൽ നിന്ന് അധിക സംരക്ഷണം നൽകും. വീടും പരിസരവും കാടും പടർപ്പും കയറാതെ വൃത്തിയായി സൂക്ഷിക്കണം. പാമ്പുകൾ കയറിയിരിക്കാൻ സാധ്യതയുള്ള മാളങ്ങളും പൊത്തുകളും സിമന്റിട്ട് അടയ്ക്കണം. വിറക് പുരകൾ, പഴയ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പാമ്പുണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ശ്രദ്ധിക്കണം. കടിയേറ്റാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കുക.

താലൂക്ക് തലം മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. രോഗലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ് മരുന്ന് നൽകുന്നത്. എല്ലാ ആശുപത്രികളും ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *