Sun. Jun 21st, 2026

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി കെ.എൻ. ബാലഗോപാൽ എംഎൽഎ. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാൽ, ബിജെപിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറിയെന്ന് ആരോപിച്ചു. വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യത പോലും മാനിക്കാതെയാണ് സതീശൻ സംസാരിക്കുന്നതെന്ന് ബാലഗോപാൽ പരിഹസിച്ചു.

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും ധനസഹായം കൈപ്പറ്റിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം ബാലഗോപാൽ തള്ളി. 2025 ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും, പാഠ്യപദ്ധതിയിൽ മാറ്റം വരുത്തരുത് എന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു. തുടർന്ന് രാഷ്ട്രീയ തീരുമാനപ്രകാരം നവംബർ 12-ന് തന്നെ പിന്മാറാനുള്ള കത്ത് നൽകിയതായും അദ്ദേഹം വിശദീകരിച്ചു.

ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന് ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടത്തിലൂടെ സീറ്റുകൾ പങ്കുവെച്ചവർ ഇപ്പോൾ സർവകലാശാലകൾ മുതൽ ഭരണസിരാകേന്ദ്രങ്ങൾ വരെ ആർഎസ്എസ് നോമിനികളെ തിരുകിക്കയറ്റുകയാണ്. വൈസ് ചാൻസലർമാരും ഗവൺമെന്റ് പ്ലീഡർമാരും ഉൾപ്പെടെയുള്ള നിർണ്ണായക തസ്തികകളിൽ ആർഎസ്എസ് സ്വാധീനം വ്യക്തമാണെന്ന് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പരാതി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ കേരളം ഭരിക്കാമെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനം വി.ഡി. സതീശന്റെ നേതൃത്വത്തിലൂടെ യാഥാർഥ്യമാവുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *