തിരുവനന്തപുരം: പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. അതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരായെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടും.
പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുക. ഉപസമിതി റിപോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ തീരുമാനിക്കുകയെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന് ദോഷകരമല്ലാത്ത വിധത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നിലവിലെ സര്‍ക്കാരിന്റെ തീരുമാനം. കരിക്കുലവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത്, പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നീ നിബന്ധനകള്‍ നിലവിലെ സര്‍ക്കാര്‍ മുന്നോട്ട് വച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

