തിരുവനന്തപുരം: മുന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ച പി എം ശ്രീ സ്‌കൂള്‍ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് മുന്‍ മന്ത്രി വി ശിവന്‍ കുട്ടി. മുന്‍ സര്‍ക്കാരിന് പി എം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഫണ്ട് ലഭിച്ചു, അത് കൊണ്ട് ഈ സര്‍ക്കാരും അത് തുടരണം എന്ന വാദം തികച്ചും കള്ളമാണ്. പി എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്‌കൂളുകള്‍ ആണ് ഈ പദ്ധതിയില്‍ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. മറിച്ച് എസ് എസ് കെയ്ക്ക് ലഭിച്ച ഫണ്ടാകട്ടെ പി എം ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും മാന്‍ഡേറ്ററി ആയി ലഭിക്കേണ്ടതുമാണ്.
സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്, അത് കൊണ്ട് മുന്‍ സര്‍ക്കാര്‍ ചെയ്തത് നിലവിലുള്ള സര്‍ക്കാര്‍ തുടരേണ്ടതുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒളിപ്പിക്കുന്നത്, മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തി വച്ചു കഴിഞ്ഞു എന്നതാണ്.
പി എം ശ്രീ പദ്ധതിയില്‍ രണ്ട് ഇളവുകള്‍ തേടും എന്ന് മുഖ്യമന്ത്രി പറഞ്ഞതായി കണ്ടു. എത്ര വിദഗ്ധമായാണ് വസ്തുതകള്‍ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി. ഒന്ന്, കരിക്കുലം സംസ്ഥാനത്തിന് തയ്യാറാക്കാന്‍ ആകണം എന്ന് ആവശ്യപ്പെടും. രണ്ട്, പി എം ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളെ സംസ്ഥാനം തിരഞ്ഞെടുക്കും. ഈ രണ്ടും നിലവില്‍ പി എം ശ്രീയില്‍ സാധ്യമാണ് എന്നതാണ് വസ്തുത. അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

