Fri. Apr 17th, 2026

ചക്കരക്കൽ: ബി ഡി എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനു കാരണക്കാരായ ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ ധർണ സമരം. ബി ഡി എസ് മുഴുവൻ ബാച്ചുകാരാണ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തുന്നത്.

കഴിഞ്ഞ 10 ന് ഉച്ചക്കാണ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻരാജിനെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള മാനസിക പീഡനവും ജാതി അധിക്ഷേപവുമാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുകയും പോലീസിൽ മൊഴി നൽകുകയും ചെയ്തു. പ്രത്യേകിച്ച് അനാട്ടമി വിഭാഗം മേധാവി ഡോ. കെ. എം റാമിന്റെ ഭാഗത്തു നിന്നുണ്ടായ ജാതീയ അതിക്ഷേപവും വ്യക്തിഹത്യയുമാണ് മരണത്തിനിടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത്‌ ശരിവെക്കും വിധത്തിൽ നിരവധി കുട്ടികളും രക്ഷിതാക്കളും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

ആത്മഹത്യ കുറ്റം ചുമത്തി ഡോ. കെ എം റാം, അധ്യാപിക ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാത്തതും വിദ്യാർത്ഥി പ്രതിഷേധത്തിനു കാരണമാകുന്നു. സംഭവത്തെ തുടർന്ന് ഡോ. റാമിനെയും ഡോ. സംഗീതയെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ ഡോ. റാമിനെ പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *