Fri. May 15th, 2026

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ നാളെ സ്ഥലം സന്ദര്‍ശിക്കും. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടതിനു ശേഷമായിരിക്കും കമ്മീഷന്‍ സ്ഥലത്തെത്തുക. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെയും കമ്മീഷന്‍ കാണും.

വെടിക്കെട്ട് നടത്തുന്നതിന്റെ പാറ്റേണ്‍ മാറ്റിയാല്‍ തന്നെ വലിയ രീതിയിലുള്ള അപകടങ്ങള്‍ കുറഞ്ഞേക്കുമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. വെടിക്കെട്ട് അപകടരഹിതമായി നടത്തുന്നതിന് മുന്‍ഗണന നല്‍കിയായിരിക്കും കമ്മീഷന്‍ അന്വേഷണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് വെടിക്കെട്ട് പൂര്‍ണമായും നിരോധിക്കാന്‍ ഒരു കമ്മീഷന്റെയും ആവശ്യമില്ല. സര്‍ക്കാര്‍ ഇതിനെ കുറിച്ച് ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് വിമാന ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അത് അന്വേഷിക്കാന്‍ ഓരോ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കാറുണ്ട്. രാജ്യത്ത് നടക്കുന്ന ഓരോ ദുരന്തവും പരിശോധിക്കാന്‍ ഓരോ കമ്മീഷന്‍ ഉണ്ട്. ആ കമ്മീഷന്‍ ഒന്നും തന്നെ വിമാനം നിരോധിക്കണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈമാസം 21 നാണ് തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിപ്പുരയില്‍ ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു സ്‌ഫോടനം. ദുരന്തത്തില്‍ 17 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. സംഭവത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *