Wed. Jun 10th, 2026

കണ്ണൂര്‍: കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. പുരോഗമന കലാ സാഹിത്യ രംഗത്ത് മുന്‍നിര സാന്നിധ്യവും വടക്കെ മലബാറിന്റെ സാംസ്‌കാരിക മുഖവുമായിരുന്നു ശ്രീഹരി. ശ്രീ ഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്.

1969നവംബര്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ് ഗ്രാമത്തിലാണ് ജനിച്ചത്.എസി ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്.കുറുവേലി വിഷ്ണുശര്‍മ്മ എഎല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് തുടര്‍ വിദ്യാഭ്യാസം.

പയ്യന്നൂര്‍ കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ദേവഗിരിയിലെ സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും എംഫിലും വിജയകരമായി പൂര്‍ത്തിയാക്കി. 2015-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ‘മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിര്‍മ്മാണം’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി.

ഡിസി ബുക്സ് 1999-ല്‍ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2001-ല്‍ പ്രസിദ്ധീകരിച്ച ‘കവിതയുടെ നൂറ്റാണ്ട്’ എന്ന പുസ്തകത്തിലും കവിതകള്‍ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *