Sat. Jun 13th, 2026

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ ജൂണ്‍ 4 വ്യാഴാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജില്ലാ – ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും തിരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രക്ഷോഭം നടക്കുക.

കഴിഞ്ഞ മെയ് 15 മുതല്‍ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.ഏഴര രൂപയുടെ വര്‍ദ്ധനവാണ് ഈ ദിവസങ്ങളില്‍ മാത്രം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയ്ക്ക് വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ഇന്ധന നികുതി കുത്തനെ ഉയര്‍ത്തിയത്.ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേല്‍ അധിക ഭാരം ഏല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

ഇപ്പോഴത്തെ ഈ വില വര്‍ദ്ധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് സൈക്കിള്‍ ചവിട്ടി നിയമസഭയില്‍ വന്ന് സമരം ചെയ്യുകയായിരുന്നു സതീശനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *