Fri. Apr 3rd, 2026

പാലക്കാട്: കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്ന് അഴിമതിക്കാരുടെ മുന്നണിയും മറ്റൊന്ന് വർഗീയവാദികളുടേതുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ഭാവി ബിജെപിയിലും എൻഡിഎയിലുമാണെന്നും ഒരു വികസന കേരളം സൃഷ്ടിക്കുമെന്നത് മോദി ഗ്യാരണ്ടിയാണെന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികളും ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെ പ്രധാനമന്ത്രി പരിഹസിച്ചു. കോൺഗ്രസ് പറയുന്നു സിപിഎം ബിജെപിയുടെ ബി ടീമാണെന്ന്, സിപിഎം തിരിച്ചു പറയുന്നു കോൺഗ്രസിന്റെ ബി ടീമാണ് ബിജെപിയെന്ന്. എന്നാൽ കേരളത്തിലെ യഥാർത്ഥ എ ടീം ബിജെപിയാണെന്ന് രണ്ടു കൂട്ടരും ഇതിലൂടെ സമ്മതിച്ചിരിക്കുകയാണ്, മോദി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ഇരുമുന്നണികളുടെയും അഴിമതികളിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളം ഇന്ന് അഞ്ച് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം നൽകുന്ന പണം സംസ്ഥാന സർക്കാർ ശരിയായി വിനിയോഗിക്കുന്നില്ല. കേരളത്തിന് അവകാശപ്പെട്ട പണം എവിടെപ്പോയി എന്ന് ചോദിച്ചാൽ അത് എൽഡിഎഫ് നേതാക്കളുടെ കീശയിലേക്കാണ് പോയതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കാർ മോഷ്ടിച്ച പണം തിരികെ പിടിക്കുമെന്നും അത് കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രകൃതിരമണീയമായ കേരളത്തിൽ വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങൾ പരാജയമാണെന്ന് മോദി വിമർശിച്ചു. ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. ഇവിടുത്തെ യുവാക്കൾ തൊഴിൽ തേടി പലായനം ചെയ്യുകയാണ്. എന്നാൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ വന്നതോടെ പാലക്കാട്ടേക്ക് ഐഐടി, വ്യവസായ ഇടനാഴി തുടങ്ങിയ വൻ പദ്ധതികൾ എത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന വിവാദങ്ങൾ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു വിമർശനം. കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും അത്തരക്കാരെ ജനങ്ങൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നിച്ചുനിൽക്കുന്ന ഇന്ത്യാ സഖ്യം കേരളത്തിൽ മാത്രം പരസ്പരം മത്സരിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *