Sat. May 16th, 2026

മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും ഇരുണ്ട വശങ്ങളും പ്രമേയമാക്കി അമൽ കെ. ജോബി രചനയും സംവിധാനവും നിർവഹിച്ച ‘ബ്രൂട്ടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു. ‘ഗുമസ്തൻ’, ‘ആഘോഷം’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേറിട്ടൊരു പ്രമേയവുമായി അമൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഇതൊരു പുതിയ സിനിമാനുഭവമായിരിക്കും സമ്മാനിക്കുക. നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സമൂഹത്തെ ഒന്നടങ്കം നടുക്കിയ ഒരു ക്രൂരകൃത്യത്തെ ആസ്പദമാക്കിയാണ് ചിത്രം വികസിക്കുന്നത്. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെയും വേട്ടക്കാരന്റെയും മാനസികാവസ്ഥകളിലൂടെയും അവർ കടന്നുപോകുന്ന വൈകാരിക സംഘർഷങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു തീവ്രമായ ഇമോഷണൽ ഡ്രാമയാണിത്. പരമ്പരാഗതമായ സിനിമാ ശൈലികളിൽ നിന്ന് മാറി, മനുഷ്യ മനസ്സിനുള്ളിലെ ഇരുണ്ട കോണുകളെ പച്ചയായി ആവിഷ്കരിക്കാനാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.

അമലു ബാബു, അമല റോബിൻ, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ, ലത ദാസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൊടുപുഴയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നാസർ ലത്തീഫും അമൽ കെ. ജോബിയും ചേർന്നാണ്. അഗ്രഹ് കൊട്ടാരത്തിൽ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ജോസ് അറുകലിൽ നിർവഹിച്ചിരിക്കുന്നു. നിഖിൽ മോഹനാണ് സംഗീതം. സാങ്കേതിക തികവോടെ ഒരുക്കിയ ‘ബ്രൂട്ടൽ’ ഉടൻ തന്നെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *