ന്യൂഡൽഹി: രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന മുൻ ഉത്തരവിനെതിരെയുള്ള പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാരും വിവിധ അധ്യാപക സംഘടനകളും സമർപ്പിച്ച 45-ഓളം ഹർജികളാണ് മെയ് 13-ന് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചേംബറിൽ ഹർജികൾ പരിഗണിച്ച ശേഷമാണ് പരസ്യമായ വാദം കേൾക്കലിലേക്ക് നീങ്ങിയത്. ഇത് കേരളത്തിലെ അയ്യായിരത്തോളം അധ്യാപകർക്ക് വലിയൊരു ആശ്വാസ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിർബന്ധമാക്കിയ മുൻ വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ വലിയൊരു വിഭാഗം അധ്യാപകരുടെ ജോലിയെ അത് ബാധിക്കും. നെറ്റ്, എം.എഡ്, പിഎച്ച്.ഡി തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും ടെറ്റ് പാസാകാത്ത അധ്യാപകർക്ക് ജോലിയിൽ തുടരാൻ വീണ്ടും പരീക്ഷ പാസാകേണ്ടി വരുമായിരുന്നു. എന്നാൽ, 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ചവരെ കെ-ടെറ്റ് നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്നും വിരമിക്കുന്നത് വരെ അവർക്ക് സർവീസിൽ തുടരാൻ അനുമതി നൽകണമെന്നുമാണ് കേരള സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന പരീക്ഷയായതിനാൽ എല്ലാ അധ്യാപകരും ഇത് പാസാകണമെന്നായിരുന്നു സുപ്രീം കോടതിയുടെ മുൻ നിലപാട്. എന്നാൽ, ജോലിയിൽ പ്രവേശിച്ച സമയത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സർവീസിൽ തുടരാൻ തങ്ങളെ അനുവദിക്കണമെന്നാണ് അധ്യാപകരുടെ വാദം. സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി മുഖേനയാണ് സർക്കാർ പുനഃപരിശോധന ഹർജി ഫയൽ ചെയ്തത്. മെയ് 13-ന് നടക്കുന്ന വാദത്തിന് ശേഷമേ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വത്തിൽ അന്തിമമായ വ്യക്തത ലഭിക്കുകയുള്ളൂ.

