Sat. May 16th, 2026

മാസ് ആക്ഷൻ സിനിമകളുടെ അമരക്കാരൻ ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന അർജുൻ അശോകനെയും മുരളി ഗോപിയെയും ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം, ഷാജി കൈലാസ്-ജോജു കൂട്ടുകെട്ടിലെ ആദ്യ സംരംഭമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. സ്റ്റണ്ട് സിൽവ, മാഫിയ ശശി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖരായ ഏഴ് സ്റ്റണ്ട് മാസ്റ്റർമാരാണ് ചിത്രത്തിനായി സംഘട്ടനമൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, മലയാളത്തിന്റെ ആക്ഷൻ റാണി വാണി വിശ്വനാഥിന്റെ തിരിച്ചുവരവും സുകന്യയുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകുന്നു. വമ്പൻ താരനിര അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് 98 ദിവസങ്ങൾ കൊണ്ട് വിവിധ ലൊക്കേഷനുകളിലായി പൂർത്തിയായി.

ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ എന്നിവയുടെ രചയിതാവ് എ.കെ. സാജനാണ് വരവിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, ബാബുരാജ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *