Wed. Jun 10th, 2026

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ജോസഫ് കെന്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. കെന്റ് രാജിവെച്ചത് നല്ല കാര്യമാണെന്നും, ഇറാനെതിരായ സൈനിക നടപടി അമേരിക്കയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെ ഭരണകൂടത്തിന് ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്.

ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രയേലിന്റെയും വിദേശ ലോബികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപ് യുദ്ധം ആരംഭിച്ചതെന്നും ആരോപിച്ചാണ് കെന്റ് രാജിവെച്ചത്. എന്നാൽ, ഇത്തരം വീക്ഷണങ്ങളുള്ള ഒരാൾ ഭീകരവിരുദ്ധ ഏജൻസിയുടെ തലപ്പത്ത് ഇരിക്കുന്നത് സുരക്ഷിതമല്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇറാഖ് യുദ്ധത്തിന് സമാനമായ തെറ്റുകൾ ആവർത്തിക്കരുത് എന്നായിരുന്നു കെന്റിന്റെ മുന്നറിയിപ്പ്.

മുൻ യുഎസ് ആർമി ഗ്രീൻ ബെററ്റും സിഐഎ ഉദ്യോഗസ്ഥനുമായ ജോസഫ് കെന്റ്, ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ വക്താവായിട്ടാണ് അറിയപ്പെട്ടിരുന്നത്. തീവ്ര വലതുപക്ഷ ബന്ധങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ നിയമനം നേരത്തെ സെനറ്റിൽ വിവാദമായിരുന്നു. നിലവിൽ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായ തുൾസി ഗബ്ബാർഡുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് കെന്റ്. ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഭരണകൂടത്തിനുള്ളിലെ ഈ ആഭ്യന്തര ഭിന്നത ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *