Sun. Jun 21st, 2026

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിലൂടെ സർക്കാർ ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു. മുൻ സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറിയതാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയിൽ നിന്നും പിന്മാറാൻ മുൻ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ എം.വി. ഗോവിന്ദൻ തള്ളി. മുൻ സർക്കാർ 2025 നവംബർ 12-ന് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെന്നും, ഇക്കാര്യം മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന രേഖകൾ ഇതിനകം പുറത്തുവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഏറെ രാഷ്ട്രീയമായി ഉപയോഗിച്ച വിഷയമായിരുന്നു പിഎം ശ്രീ പദ്ധതി. അധികാരം ലഭിച്ചാൽ പദ്ധതി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന യുഡിഎഫ്, ഇപ്പോൾ സാങ്കേതികത്വം പറഞ്ഞ് നിലപാടിൽ നിന്നും മലക്കം മറിയുകയാണെന്ന് സിപിഐഎം വിമർശിക്കുന്നു. അന്നത്തെ പ്രതിപക്ഷം പദ്ധതിയെ സിപിഐഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് ചിത്രീകരിച്ചിരുന്നത്.

പറഞ്ഞതെല്ലാം നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന് പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് സിപിഐഎം ചോദിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിൽ നിന്നും വ്യത്യസ്തമായി, അധികാരത്തിലേറിയപ്പോൾ പദ്ധതി തുടരാനുള്ള സർക്കാർ തീരുമാനം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *