Wed. Jun 10th, 2026

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അനില്‍ കല്ലിയൂരിന്റെയും എസ് സന്ദീപിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കുക.

കേസില്‍ മൂന്നു മുതല്‍ അഞ്ച് വരെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചേര്‍ത്തത്.

കേസില്‍ പ്രതികളായ ഗണ്‍മാന്‍മാര്‍ ഒളിവിലാണ്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കായി കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്‌ഐടി.

കഴിഞ്ഞ വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടാന്‍ പ്രതികള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ശ്രമം പാളിയത്. ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ കൂടി നിര്‍ദേശപ്രകാരം ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയതെന്നാണ് അറിയുന്നത്. നിലവില്‍ ഇവര്‍ സസ്‌പെന്‍ഷനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *