Wed. Jun 10th, 2026

ഹവാന: 30 വർഷങ്ങൾക്ക് മുൻപ്, 1996-ൽ നടന്ന ഒരു വിമാനാപകടത്തിന്റെ പേരിൽ മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്ക ഇപ്പോൾ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ ക്യൂബയെ തകർക്കാൻ ഉള്ള അമേരിക്കയുടെ പുതിയ നീക്കം. സ്വന്തം രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ നിയമപരമായി പ്രവർത്തിച്ച ഒരു പരമാധികാര ഭരണകൂടത്തിന്റെ തലവനെതിരെ, പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കൻ കോടതിയെ ഉപയോഗിച്ച് കുറ്റപത്രം സമർപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും രാഷ്ട്രീയ പ്രേരിതവുമായ നീക്കവുമാണ്.

1996-ൽ ക്യൂബയ്ക്കും ഫ്ലോറിഡയ്ക്കും ഇടയിൽ വെടിവെച്ചിട്ട വിമാനങ്ങൾ ക്യൂബൻ വിരുദ്ധ ഗ്രൂപ്പായ ‘ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ’ എന്ന സംഘടനയുടേതായിരുന്നു. ക്യൂബയുടെ അനുമതിയില്ലാതെ, അവരുടെ വ്യോമാതിർത്തി ലംഘിച്ച് മുന്നോട്ട് പോയ വിമാനങ്ങൾക്കെതിരെയാണ് അന്ന് ക്യൂബൻ സൈന്യം നടപടിയെടുത്തത്. ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ വ്യക്തമാക്കിയത് പോലെ, “തങ്ങളുടെ അധികാരപരിധിയിലുള്ള ജലാശയങ്ങളിലും വ്യോമാതിർത്തിയിലും നിയമപരമായ സ്വയം പ്രതിരോധത്തിനായിട്ടാണ്” അന്ന് ക്യൂബൻ സൈന്യം പ്രവർത്തിച്ചത്. എന്നാൽ ഈ വസ്തുതകളെ പൂർണ്ണമായും വളച്ചൊടിച്ചുകൊണ്ട്, മൂന്ന് അമേരിക്കൻ പൗരന്മാർ മരിച്ചു എന്ന ഒറ്റ കാരണത്താൽ അമേരിക്ക ഇതിനെ ഒരു കൊലപാതക ഗൂഢാലോചനയായി ചിത്രീകരിക്കുകയാണ്.

ഇപ്പോൾ 94 വയസ്സുള്ള, സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച റൗൾ കാസ്ട്രോയെ ഈ പ്രായത്തിൽ വേട്ടയാടാൻ അമേരിക്ക തുനിയുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ആഭ്യന്തര രാഷ്ട്രീയവും മനസ്സിൽ കണ്ടുകൊണ്ടാണ്. മിയാമിയിലെ ഫ്രീഡം ടവറിൽ വെച്ച് ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ഈ കുറ്റപത്രം പ്രഖ്യാപിച്ച രീതി തന്നെ ഇതിന്റെ പിന്നിലെ രാഷ്ട്രീയ നാടകം വ്യക്തമാക്കുന്നു. മിയാമിയിലെ വലിയൊരു വിഭാഗം വരുന്ന ക്യൂബൻ പ്രവാസികളുടെ വോട്ടുകൾ ഉറപ്പാക്കാനും ട്രംപ് ഭരണകൂടത്തിന് അവരുടെ ഇടയിൽ ഹീറോ ആകാനും വേണ്ടിയാണ് 30 വർഷം പഴക്കമുള്ള ഈ കേസ് ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.

ഒരു വശത്ത് നിയമത്തിന്റെ മറവിൽ പുകമറ സൃഷ്ടിക്കുമ്പോൾ, മറുഭാഗത്ത് ക്യൂബയിലെ സാധാരണ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ക്രൂരമായ സാമ്പത്തിക യുദ്ധമാണ് അമേരിക്ക നയിക്കുന്നത്. ക്യൂബയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും എണ്ണ ഇറക്കുമതി തടസ്സപ്പെടുത്തുകയും ചെയ്തത് വഴി ദ്വീപിലെ വൈദ്യുതി വിതരണം പൂർണ്ണമായി തകർക്കാനും ഭക്ഷ്യക്ഷാമം രൂക്ഷമാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധികളെല്ലാം ക്യൂബൻ സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ടാണെന്ന് വരുത്തിതീർക്കാനുള്ള വ്യാജ പ്രചാരണങ്ങളാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ളവർ നടത്തുന്നത്.

ഈ കേസിന്റെ യഥാർത്ഥ ലക്ഷ്യം നീതി നടപ്പാക്കലല്ല, മറിച്ച് ക്യൂബൻ സർക്കാരിനെ പൂർണ്ണമായി അടിച്ചമർത്തുക എന്നതാണ്. അമേരിക്കൻ സർവകലാശാലയിലെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ വിദഗ്ദ്ധനായ വില്യം ലിയോഗ്രാൻഡ് നിരീക്ഷിക്കുന്നത് പോലെ, “ക്യൂബൻ സർക്കാർ വിലപേശൽ മേശയിൽ അമേരിക്കയുടെ മുന്നിൽ വഴങ്ങി കീഴടങ്ങുന്ന ഘട്ടത്തിലേക്ക് ക്രമേണ സമ്മർദ്ദം വർദ്ധിപ്പിക്കുക” എന്നത് മാത്രമാണ് അമേരിക്കയുടെ തന്ത്രം. ക്യൂബയിൽ വിപ്ലവത്തിലൂടെ കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് ഭരണത്തെ തകർക്കാനും അവിടെ അമേരിക്കൻ അനുകൂല ഭരണം കൊണ്ടുവരാനുമുള്ള ഒരു ആയുധം മാത്രമാണ് ഈ പുതിയ കുറ്റപത്രം.

മറ്റൊരു പരമാധികാര രാജ്യത്തിന്റെ നേതാവിനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കാൻ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ല. കാസ്ട്രോ സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ അമേരിക്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ടോഡ് ബ്ലാഞ്ച് പറയുന്നത് പരസ്യമായ ഭീഷണിയാണ്. ലോകപൊലീസാണെന്ന ഭാവത്തിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും അവരുടെ നേതാക്കളെ തടവിലാക്കാൻ നോക്കുകയും ചെയ്യുന്നത് അമേരിക്കയുടെ സ്ഥിരം സാമ്രാജ്യത്വ സ്വഭാവമാണ്.

ഈ വർഷം ജനുവരിയിൽ വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക അധിനിവേശം ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. നിയമപാലനത്തിന്റെ മറവിൽ മറ്റൊരു രാജ്യത്തേക്ക് സൈന്യത്തെ അയക്കുന്ന അതേ തന്ത്രം ക്യൂബയ്ക്ക് നേരെയും പ്രയോഗിക്കാനുള്ള ഒരു ന്യായീകരണമായാണ് അമേരിക്ക ഈ കുറ്റപത്രത്തെ കാണുന്നത്. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ റോക്‌സാന വിജിൽ മുന്നറിയിപ്പ് നൽകുന്നത് പോലെ, നിയമത്തിന്റെ മറവിൽ ക്യൂബയ്ക്ക് മേൽ ഒരു സൈനിക ആക്രമണം നടത്താനുള്ള മണ്ടത്തരത്തിനാണ് ട്രംപ് ഭരണകൂടം വഴിതുറക്കുന്നത്.

അടുത്തിടെയായി അമേരിക്കയിലെയും ക്യൂബയിലെയും പ്രതിനിധികൾ തമ്മിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചില “രഹസ്യ സംഭാഷണങ്ങൾ” നടത്തിവരികയായിരുന്നു. റൗൾ കാസ്ട്രോയുടെ ചെറുമകൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ ചർച്ചകളെല്ലാം വിജയത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ഹീനമായ ഈ കുറ്റപത്രം അമേരിക്ക പുറത്തുവിടുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഒരു സമാധാനപരമായ അന്തരീക്ഷം ഉണ്ടാകാൻ അമേരിക്കൻ ഭരണകൂടം ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണിത്. അമേരിക്കൻ സമ്മർദ്ദങ്ങൾക്കെതിരെ “കീഴടങ്ങില്ല, വിട്ടുവീഴ്ചകളില്ല” എന്ന ഉറച്ച നിലപാടിലാണ് ക്യൂബൻ ജനതയും അവരുടെ മാധ്യമങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *