Wed. Jun 10th, 2026

തിരുവനന്തപുരം:16ാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 101 വോട്ട് നേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കൊണ്ടാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീന് 35 വോട്ടും ബിജെപിയുടെ ബി ബി ഗോപകുമാറാര്‍ മുന്ന് വോട്ടും നേടി. പ്രോ ടൈം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തിരുന്നില്ല.

ഫലം പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു ഇരിപ്പിടത്തിലേക്ക് ആനയിച്ചു 23 മുതല്‍ 28 വരെ സഭ ചേരില്ല. 29നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഒന്ന് മുതല്‍ മൂന്ന് വരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേല്‍ ചര്‍ച്ച നടക്കും.

കോട്ടയത്തെ തിരുവഞ്ചൂർ സ്വദേശിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. ബാലജനസഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയിലും സജീവമായിരുന്നു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേകൊല്ലം തന്നെ സംഘടയുടെ പ്രസിഡന്റുമായി. 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.2004-ലാണ് തിരുവഞ്ചൂർ ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്.

‘തിരുവഞ്ചൂർ എനിക്ക് ജ്യേഷ്ഠതുല്യൻ’; സ്പീക്കറെ അനുമോദിച്ച് മുഖ്യമന്ത്രി; നിഷ്പക്ഷത പ്രതീക്ഷിക്കുന്നെന്ന് പിണറായി വിജയൻ

നിയമസഭാ സ്പീക്കറായി ചുമതലയേറ്റ തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രശംസകൊണ്ട് മൂടി ഭരണ-പ്രതിപക്ഷ നേതാക്കൾ. തിരുവഞ്ചൂർ തനിക്ക് പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് മുഖ്യമന്ത്രി വി.ഡി. ദാമോദര മേനോൻ സതീശൻ പറഞ്ഞപ്പോൾ, സുദീർഘമായ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

“ഒരു നിയമസഭാ സാമാജികൻ എങ്ങനെയാകണം എന്നതിന് ഉത്തമ മാതൃകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് അദ്ദേഹം തിളങ്ങിനിന്ന നേതാവായിരുന്നു. ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ എല്ലാ വകുപ്പുകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള തിരുവഞ്ചൂരിന്റെ പരിചയസമ്പത്ത് സഭാനടപടികൾക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂരിന്റെ വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രശംസിച്ചു. “ബാറ്റിംഗ് സൈഡ് നിശ്ചയിച്ച അമ്പയറെപ്പോലെ സ്പീക്കർ പ്രവർത്തിക്കരുത്. സഭയെ നിഷ്പക്ഷമായി നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ,” എന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *