ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇത് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനമാണ്. പോളിറ്റ് ബ്യൂറോയുടെ അംഗീകാരം വാങ്ങിയതാണ്. ഇനി പുനഃപരിശോധന ഇല്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്ന പലതും മാധ്യമസൃഷ്ടിയാണെന്നും നിര്‍ഭയമായി അഭിപ്രായം പറയണമെന്നാണ് സഖാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പരിയത്ത്കാവിലെ ഭൂമി ഒഴിപ്പിക്കല്‍ നീക്കത്തെയും എം വി ഗോവിന്ദന് വിമര്‍ശിച്ചു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് രേഖയിലുള്ള സ്ഥലമാണ് അത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഓഫീസുകളെ സ്വാധീനിച്ച് വളരെ പ്രധാനപ്പെട്ട ആളുകള്‍ ഭൂമിക്ക് ആധാരം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആ ഭൂമിയില്‍ ആര്‍ക്കും പട്ടയം ഇല്ല. അതിന്റെ ഭാഗമായിട്ടാണ് രണ്ടരയേക്കര്‍ സ്ഥലത്ത് എട്ട് പട്ടിക ജാതി കുടുംബങ്ങള്‍ താമസിക്കുന്നത്. അവര്‍ക്കും പട്ടയം ഇല്ല. ഇവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികളേക്ക് വരികയായിരുന്നു.
കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പുറമ്പോക്കില്‍ താമസിക്കുന്ന പാവപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കണമെന്ന് പതിറ്റാണ്ടുകളായി മുന്നോട്ട് വെച്ച പ്രസ്ഥാനമാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം. ക്രൂരമായി മര്‍ദിച്ച് പാവങ്ങളെ ഒഴിപ്പാക്കാനാണ് നീക്കം നടന്നതെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.

